എന്തൊക്കെ തടസമുണ്ടായാലും ജനക്ഷേമ പ്രവര്‍ത്തനങ്ങളില്‍ നിന്നും ഒരടി പോലും പിന്നോട്ടുപോകില്ല : മന്ത്രി പി എ മുഹമ്മദ് റിയാസ്
സംസ്ഥാനം അഭിമുഖീകരിക്കുന്ന സാമ്പത്തിക പ്രതിസന്ധിയടക്കമുള്ള എന്തൊക്കെ തടസമുണ്ടായാലും ജനക്ഷേമ പ്രവര്‍ത്തനങ്ങളില്‍ നിന്നും ഒരടി പോലും പിന്നോട്ടുപോകില്ലെന്ന് പൊതുമരാമത്തു വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ്. ആധുനിക രീതിയില്‍ നവീകരിച്ച കല്ലയം-ശീമമുളമുക്ക് റോഡിന്റെ ഒന്നാം ഘട്ട പൂര്‍ത്തീകരണത്തിന്റെയും രണ്ടാം ഘട്ട നിര്‍മാണത്തിന്റെയും കരകുളം-മുല്ലശേരി റോഡിന്റെ നവീകരണത്തിന്റെയും ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
നെടുമങ്ങാട് നിയോജക മണ്ഡലത്തില്‍ രണ്ടര വര്‍ഷത്തിനിടെ 28 കിലോമീറ്റര്‍ റോഡ് ബി.എം & ബി.സി നിലവാരത്തില്‍ നവീകരിച്ചതായും മന്ത്രി പറഞ്ഞു. ആധുനിക നിലവാരത്തിലുള്ള റോഡുകള്‍ നിര്‍മിക്കുന്നതിന്റെ ഗുണം നാടിന് തന്നെ ലഭിക്കും.
വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ സാധ്യതകള്‍ പ്രയോജനപ്പെടുത്താന്‍ ഔട്ടര്‍ റിംഗ് റോഡ് നിര്‍മാണം അടക്കമുള്ള നിരവധി വികസന പ്രവര്‍ത്തനങ്ങളാണ് സംസ്ഥാന സര്‍ക്കാര്‍ ആസൂത്രണം ചെയ്യുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.