മാനസികമോ ശാരീരികമോ ആയ ഉപദ്രവമോ അധിക്ഷേപകരമായ പെരുമാറ്റമോ ബാലയിൽ നിന്നും ഉണ്ടായിട്ടില്ല: മമിത

single-img
1 March 2024

‘പ്രേമലു’ വിന്റെ ചരിത്ര വിജയത്തിലേ ആഹ്ലാദത്തിലാണ് മമിത ബൈജു ഇപ്പോൾ. പ്രശസ്ത തമിഴ് സംവിധായകൻ ബാലയ്‌ക്കൊപ്പം ‘വണങ്കാൻ ‘ എന്ന സിനിമയിൽ പ്രവർത്തിച്ച അനുഭവം അടുത്തിടെ മമിത ഒരഭിമുഖത്തിൽ പങ്കുവെച്ചിരുന്നു. ചിത്രീകരണത്തിൽ സംവിധായകൻ ബാല തന്നെ ഒരുപാട് തവണ വഴക്ക് പറഞ്ഞിരുന്നെന്നും വെറുതെ അടിക്കുകയും ചെയ്തു എന്നായിരുന്നു മമിത ക്ലബ് എഫ്എമ്മിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞത്.

പക്ഷെ ഇപ്പോൾ താൻ പറഞ്ഞതിനെ പലരും തെറ്റായി വ്യാഖ്യാനിച്ചെന്നാണ് മമിത പറയുന്നത്. ഇൻസ്റ്റാഗ്രാമിൽ സ്റ്റോറി പങ്കിട്ടാണ് മമിത ഇക്കാര്യം അറിയിച്ചിരിക്കുന്നത്. ‘ബാല സാർ തന്റെ സിനിമ കരിയറിലെ ഉപദേഷ്ടാവ് ആണ്, സിനിമയിൽ ഒരുമിച്ച് പ്രവർത്തിക്കുമ്പോൾ വളരെ നല്ല ബന്ധത്തിലാണ് ഉണ്ടായിരുന്നത്. സെറ്റിൽ വെച്ച് മാനസികമോ ശാരീരികമോ ആയ ഉപദ്രവമോ മറ്റേതെങ്കിലും തരത്തിലുള്ള അധിക്ഷേപകരമായ പെരുമാറ്റമോ അദ്ദേഹത്തിൽ നിന്ന് ഉണ്ടായിട്ടില്ല.

സിനിമയിൽ ഒരു നല്ല നടി എന്ന നിലയിൽ ഉയരാൻ ഒരുപാട് ഉപദേശങ്ങൾ നൽകിയിട്ടുണ്ട്. വേറെ സിനിമകളുമായി കമ്മിറ്റ്മെന്റുകൾ കാരണമാണ് എനിക്ക് ആ സിനിമയിൽ നിന്ന് പിന്മാറേണ്ടി വന്നത്. എന്റെ വാക്കുകളെ വളച്ചൊടിക്കുക്കയാണ് ചെയ്തത്’ മമിത ഇൻസ്റ്റാഗ്രാമിൽ എഴുതി .