സ്പോൺസർഷിപ്പിന് നൽകാൻ പണമില്ല; ബാങ്ക് ഗ്യാരന്റിയില്‍ നിന്ന് ഈടാക്കാമെന്ന് ബിസിസിഐയോട് ബൈജൂസ്
ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ജഴ്സിയുടെ സ്പോൺസർഷിപ്പില്‍ നല്‍കാനുള്ള തുകയുടെ ഒരു ഭാഗം തങ്ങളുടെ ബാങ്ക് ഗ്യാരന്റിയില്‍ നിന്ന് ഈടാക്കാമെന്ന് ബി.സി.സി.ഐയോട് എഡ്ടെക് കമ്പനിയായ ബൈജൂസ്. ഇന്ത്യന്‍ ടീമിന്‍റെ മത്സരങ്ങള്‍ സംപ്രേഷണം ചെയ്യുന്നതില്‍ 130 കോടി രൂപയുടെ ഡിസ്‌കൗണ്ട്, സ്റ്റാര്‍ ഇന്ത്യ ആവശ്യപ്പെട്ടതും വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു.
തങ്ങൾ നേരത്തെ ബാങ്ക് ഗാരന്റിയായി നൽകിയിരുന്ന 140 കോടി രൂപ ഈ ഇനത്തിൽ വകയിരുത്താനും ബാക്കി തുക തവണകളായി നൽകാമെന്നുമാണ് ബൈജൂസ് ആവശ്യപ്പെട്ടിരിക്കുന്നത്. കമ്പനി ലാഭകരമാക്കുക എന്ന ലക്ഷ്യത്തോടെ 50,000 തൊഴിലാളികളിൽ 2500 പേരെ മാർച്ചോടെ പിരിച്ചുവിടാന്‍ ബൈജൂസ് പദ്ധതിയിടുന്നുണ്ട്. അതിനിടയിലാണ് ബി.സി.സി.ഐക്ക് നല്‍കാന്‍ പണമില്ലെന്ന റിപ്പോര്‍ട്ടുകളും പുറത്തുവരുന്നത്.
2022 ജൂണിലായിരുന്നു ബൈജൂസ് 2023 നവംബർ വരെ 3.5 കോടി ഡോളറിന് (ഏകദേശം 280 കോടി രൂപ) കരാർ നീട്ടിയത്. പക്ഷെ തങ്ങൾ ഈ വർഷം മാർച്ചിൽ കരാർ അവസാനിപ്പിക്കുകയാണെന്ന് ബിസിസിഐയെ 2022 നവംബറിൽ ബൈജൂസ് അറിയിക്കുകയായിരുന്നു.
ഇതോടൊപ്പം 2018–2023 കാലത്തെ ടിവി സംപ്രേഷണാവകാശം നേടിയ സ്റ്റാർ ഇന്ത്യ കരാർ തുകയായ 6138.1 കോടി രൂപയിൽ 130 കോടി രൂപ ഇളവു തേടി. കരാർ ഉണ്ടാക്കിയ കാലത്തെ ചില മത്സരങ്ങൾ കോവിഡ് പശ്ചാത്തലത്തിൽ മാറ്റിയതു കാട്ടിയാണ് തുക കുറയ്ക്കണമെന്ന് ആവശ്യപ്പെട്ടത്. രണ്ടു വിഷയവും ബോർഡ് യോഗം ചർച്ച ചെയ്തുവെങ്കിലും അന്തിമ തീരുമാനം എടുത്തിട്ടില്ല.