റബ്ബറിന് താങ്ങുവില പ്രഖ്യാപിക്കില്ല: പിയൂഷ്‌ ഗോയൽ

single-img
23 March 2023

റബ്ബറിന് താങ്ങുവില പ്രഖ്യാപിക്കാൻ കഴിയില്ലെന്ന് കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രി പീയുഷ് ഗോയൽ. താങ്ങുവില പ്രഖ്യാപിക്കുന്ന 25 കാർഷിക വിളകളുടെ കൂട്ടത്തിൽ റബ്ബർ ഉൾപ്പെടുന്നില്ല. വിവിധ മാനദണ്ഡങ്ങൾ പ്രകാരമാണ് വിളകളെ എം.എസ്.പി പരിധിയിൽ ഉൾപ്പെടുത്തുന്നത്. റബ്ബറിനെ അതിൽ ഉൾപ്പെടുത്താൻ സാധിക്കില്ലെന്ന് മന്ത്രി പറഞ്ഞു.

ഭക്ഷ്യസുരക്ഷയ്‌ക്ക്‌ ഉതകുന്ന കാർഷികവിളകൾക്ക്‌ മാത്രമേ എംഎസ്‌പി ബാധകമാക്കാൻ കഴിയൂ എന്ന്‌ സിപിഐ എം രാജ്യസഭകക്ഷി നേതാവ്‌ എളമരം കരീമിന്‌ നൽകിയ മറുപടിയിൽ വാണിജ്യമന്ത്രി പിയൂഷ്‌ ഗോയൽ വ്യക്തമാക്കി. ആസിയാൻ രാജ്യങ്ങളിൽനിന്ന്‌ ഇറക്കുമതി ചെയ്യുന്ന കോമ്പൗണ്ട്‌ റബറിന്‌ നൽകിവരുന്ന പൂർണ ഇറക്കുമതിതീരുവ ഇളവ്‌ ഏകപക്ഷീയമായി ഇന്ത്യക്ക്‌ പിൻവലിക്കാൻ കഴിയില്ലെന്നും മന്ത്രി അറിയിച്ചു. സ്വാഭാവിക റബറിന്‌ എംഎസ്‌പി പ്രഖ്യാപിക്കണമെന്നും ആസിയാൻ രാജ്യങ്ങളിൽനിന്ന്‌ ഉൾപ്പടെ ഇറക്കുമതി ചെയ്യുന്ന സ്വാഭാവിക റബറിന്റെയും കോമ്പൗണ്ട്‌ റബറിന്റെയും തീരുവ വർധിപ്പിക്കണമെന്നും ആവശ്യപ്പെട്ട്‌ നൽകിയ കത്തിനുള്ള മറുപടിയിലാണ്‌ മന്ത്രി ഇക്കാര്യം അറിയിച്ചത്‌.