കെസി വേണുഗോപാൽ ആലപ്പുഴയിൽ ഉള്ളപ്പോൾ മറ്റൊരാളെക്കുറിച്ച് ചിന്തിക്കേണ്ട ആവശ്യമില്ല: രമേശ് പിഷാരടി
കണ്ണൂരിൽ നിന്നും എത്തിയ കാലം മുതൽ ആലപ്പുഴക്കാർക്ക് ഒപ്പമുള്ള ആളാണ് കെ സി വേണുഗോപാലെന്നും അദ്ദേഹം ആലപ്പുഴയിൽ ഉള്ളപ്പോൾ മറ്റൊരാളെക്കുറിച്ച് ചിന്തിക്കേണ്ട ആവശ്യമില്ലെന്നും സിനിമാ താരം രമേശ് പിഷാരടി. അഞ്ജലി ഓഡിറ്റോറിയത്തിൽ നടന്ന മഹിളാ ന്യായ് മഹിളാ കൺവെൻഷൻ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രധാനമന്ത്രി മോദിയുടെയും മുഖ്യമന്ത്രി പിണറായിയുടെയും ഭരണത്തിന് കീഴിൽ ജനങ്ങൾ അനുഭവിക്കുന്ന ദുരിതങ്ങൾ ഹാസ്യ രൂപേണ അവതരിപ്പിച്ചാണ് രമേശ് പിഷാരടി തന്റെ പ്രസംഗം ആരംഭിച്ചത്. നാടിന്റെ അവസ്ഥ അറിയാൻ പത്രം വായിക്കേണ്ട അവസ്ഥ ഇല്ല. പകരം വണ്ടി എടുത്ത് പെട്രോൾ പമ്പിലും മാർക്കറ്റിലും പോയി സാധനങ്ങൾ വാങ്ങിച്ചാൽ മാത്രം മതി. ഇതിലൂടെ സ്ത്രീകൾക്ക് മനസിലാവും എന്താണ് നാട്ടിൽ നടക്കുന്നതെന്നും പിഷാരടി പറഞ്ഞു.
പുലി പതുങ്ങുന്നത് കുതിക്കാനാണെന്ന് പുലിമുരുകൻ സിനിമയിൽ ഡയലോഗ് ഉണ്ട്. കെ സി യും അങ്ങനെ തന്നെയാണെന്നും രമേശ് പിഷാരടി പറഞ്ഞു. ലോകസഭയിൽ 100 ചോദ്യങ്ങൾ ചോദിച്ചു എന്ന് വീമ്പു പറയുന്നതിനേക്കാൾ കാതലായ 30 ചോദ്യങ്ങൾക്കാണ് പ്രാധാന്യം.
അങ്ങനെ ഉള്ളവരെയാണ് ലോകസഭയിലേക്ക് എത്തിക്കേണ്ടതെന്നും ജനാധിപത്യം നിലനിർത്താൻ ഉള്ള അവസരം ആണ് ഈ തെരഞ്ഞെടുപ്പെന്നും അത് കൃത്യമായി വിനിയോഗിക്കണം എന്നുമാവശ്യപ്പെട്ടാണ് പിഷാരടി തന്റെ പ്രസംഗം അവസാനിപ്പിച്ചത്.