കുട്ടികള്‍ക്ക് പനിയും ചുമയും: ആശങ്ക വേണ്ട ജാഗ്രത മതിയെന്ന് വീണാ ജോര്‍ജ്
പനി, ജലദോഷം, ചുമ തുടങ്ങിയവ ബാധിച്ച കുട്ടികള്‍ക്ക് വീണ്ടും അവ വരുന്നതില്‍ ആശങ്ക വേണ്ടെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. കുട്ടികളില്‍ വൈറസ് മൂലമുള്ള ശ്വാസകോശ രോഗങ്ങളുടെ വര്‍ധന ലോകത്തെമ്പാടും രേഖപ്പെടുത്തിയിട്ടുണ്ട്. ഇതുതന്നെയാണ് ഇവിടേയുമുണ്ടായത്. സ്കൂളുകള്‍ അടഞ്ഞു കിടന്ന സമയത്ത് കുട്ടികള്‍ക്ക് മറ്റുള്ളവരുമായി സമ്പര്‍ക്കമില്ലാത്തതിനാല്‍ പൊതുവേ അസുഖം കുറവായിരുന്നു. അതിനാല്‍ രോഗങ്ങളെ ചെറുക്കാനുള്ള പ്രതിരോധശേഷിയും കുറഞ്ഞു വന്നു മന്ത്രി വ്യക്തമാക്കി.
എങ്കിലും കുട്ടികളായതിനാല്‍ ശ്രദ്ധ വേണം എന്നും, നിരീക്ഷണം ശക്തമാക്കാന്‍ ആരോഗ്യ വകുപ്പ് ജില്ലകള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട് എന്നും മന്ത്രി പറഞ്ഞു. ശ്വാസംമുട്ടല്‍, കഫത്തില്‍ രക്തം, അസാധാരണ മയക്കം, തളര്‍ച്ച, നാക്കിലോ ചുണ്ടിലോ നഖത്തിലോ നീലനിറം, ശക്തിയായ പനി, അതിയായ തണുപ്പ്, ജെന്നി, ക്രമത്തില്‍ കൂടുതല്‍ വേഗതയിലുള്ള ശ്വാസമെടുപ്പ് എന്നീ അപായ സൂചനകള്‍ കണ്ടാല്‍ ഉടന്‍തന്നെ കുട്ടിയ്ക്ക് ചികിത്സ ഉറപ്പാക്കണം.
ശ്വാസമെടുപ്പ് ശ്രദ്ധിക്കണം. ശ്വാസമെടുപ്പിലൂടെയും അപായ സൂചന കണ്ടെത്താം. രണ്ട് മാസത്തിന് താഴെയുള്ള കുട്ടികള്‍ക്ക് 60 ന് മുകളിലും, രണ്ട് മാസം മുതല്‍ ഒരു വയസുവരെ 50 ന് മുകളിലും ഒരു വയസുമുതല്‍ അഞ്ച് വയസുവരെ 40 ന് മുകളിലും അഞ്ച് വയസുമുതലുള്ള കുട്ടികള്‍ 30 ന് മുകളിലും ഒരു മിനറ്റില്‍ ശ്വാസമെടുക്കുന്നതു കണ്ടാല്‍ ഡോക്ടറെ കാണിക്കേണ്ടതാണ്. കുട്ടി ഉറങ്ങുമ്പോഴോ, സ്വസ്ഥമായി ഇരിക്കുമ്പോഴോ ആണ് ഇതു നോക്കേണ്ടത്.