ഹൻസ്‌രാജ് കോളേജിൽ ഇനി മുതൽ നോൺ വെജിറ്റേറിയൻ ഭക്ഷണം ഇല്ല: പ്രിൻസിപ്പൽ

single-img
19 January 2023

ഡൽഹി സർവ്വകലാശാലക്കു കീഴിലെ ഹൻസ്‌രാജ് കോളേജിൽ ഇനി മുതൽ നോൺ വെജിറ്റേറിയൻ ഭക്ഷണം ഉണ്ടാകില്ലെന്ന് പ്രിൻസിപ്പൽ. ആര്യസമാജത്തിന്റെ തത്വശാസ്ത്രം പിന്തുടരുന്നതിനാൽ ആണ് ഇത് എന്നും പ്രിൻസിപ്പൽ വ്യക്തമാക്കി.

കോവിഡ് -19 ലോക്ക്ഡൗണിന് ശേഷം കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ കോളേജ് വീണ്ടും തുറന്നതുമുതൽ വിദ്യാർത്ഥികൾക്ക് നോൺ-വെജിറ്റേറിയൻ ഭക്ഷണം നൽകുന്നത് നിർത്തിയിരുന്നു. കഴിഞ്ഞ ഏതാനും ആഴ്ചകളായി ഈ തീരുമാനത്തിനെതിരെ വിദ്യാർത്ഥി സംഘടനകൾ പ്രതിഷേധിച്ചിരുന്നു. എന്നാൽ ഒരു കാരണവശാലും തീരുമാനം പുനഃപരിശോധിക്കില്ല എന്ന് പ്രിൻസിപ്പൽ രാമ ശർമ്മ പറഞ്ഞു.

കോളേജിലെ 90% വിദ്യാർത്ഥികളും സസ്യഭുക്കുകളാണെന്നും ഹോസ്റ്റലിൽ സസ്യേതര ഭക്ഷണം വിളമ്പുന്നതിൽ അവർ നേരത്തെ പ്രതിഷേധിച്ചിട്ടുണ്ടെന്നും ശർമ്മ അവകാശപ്പെട്ടു. മാംസാഹാര നിരോധനത്തെക്കുറിച്ച് അറിയിപ്പൊന്നും നൽകിയിട്ടില്ലെന്ന വിദ്യാർത്ഥികളുടെ വാദങ്ങളും കോളേജ് നിഷേധിച്ചു. ഹോസ്റ്റലിൽ നോൺ വെജിറ്റേറിയൻ ഭക്ഷണം നൽകില്ലെന്ന് ഹോസ്റ്റൽ പ്രോസ്‌പെക്ടസിൽ പരാമർശിച്ചിട്ടുണ്ടെന്ന് പറഞ്ഞു.

ഇതൊരു ആര്യസമാജ കോളേജാണ്. ഞങ്ങൾക്ക് ഞങ്ങളുടെ തത്ത്വചിന്തയുണ്ട്, അതുകൊണ്ടാണ് ഞങ്ങൾ നോൺ-വെജ് ഭക്ഷണം വിളമ്പില്ല…സെന്റ് സ്റ്റീഫൻസ് കോളേജിൽ ‘ഹവൻ’ നടത്താൻ ഞങ്ങൾ ആവശ്യപ്പെടുന്നില്ല, ഖൽസ കോളേജ് നിയമങ്ങളിൽ ഞങ്ങൾ ഇടപെടുന്നില്ല. പിന്നെ എന്തിനാണ് ഞങ്ങളെ ചോദ്യം ചെയ്യുന്നത്?- പ്രിൻസിപ്പൽ രാമ ശർമ്മ ചോദിച്ചു.