ഗവര്‍ണര്‍ റബര്‍ സ്റ്റാമ്പ് ആണെന്ന് ആരും പറഞ്ഞിട്ടില്ല; ആരിഫ് മുഹമ്മദ് ഖാന് മറുപടിയുമായി മന്ത്രി പി രാജീവ്

single-img
15 September 2022

സർക്കാരിനെതിരെ രൂക്ഷ പ്രതികാരം നടത്തിയ സംസ്ഥാന ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് മറുപടിയുമായി നിയമ മന്ത്രി പി രാജീവ്. ഗവര്‍ണര്‍ ഒരു റബര്‍ സ്റ്റാമ്പ് ആണെന്ന് ആരും പറഞ്ഞിട്ടില്ലെന്നും നിയമസഭ പാസാക്കിയ ബില്ലുകള്‍ അദ്ദേഹത്തിന്റെ പരിഗണനയിലാണെന്നും മന്ത്രി പറഞ്ഞു.

ഭരണഘടനാ പ്രകാരം നിയമസഭ പാസാക്കിയ ബില്‍ ഗവര്‍ണര്‍ക്ക് വിട്ടാല്‍ സ്വീകരിക്കേണ്ട നിയമപരമായ ചില രീതികളുണ്ട്. അതുപോലെയുള്ള രീതികള്‍ ഗവര്‍ണറും സര്‍ക്കാരും തമ്മിലുള്ളതെന്നും മന്ത്രി പറയുന്നു. തന്റെ ഭരണഘടനാപരമായ ഉത്തരവാദിത്തം നിറവേറ്റും എന്നാണല്ലോ അദ്ദേഹം പറഞ്ഞത്. ഓരോ ഘട്ടവും പൊതു സമൂഹത്തില്‍ ചര്‍ച്ച ചെയ്യേണ്ടത് ഭരണഘടനപരമായ രീതിയല്ലെന്നും മന്ത്രി ഓർമിപ്പിച്ചു.

ഒരു സംസ്ഥാന ഗവര്‍ണര്‍ എങ്ങനെയാണ് പ്രവര്‍ത്തിക്കേണ്ടത് എന്നത് സംബന്ധിച്ച് രാജ്യത്തിന്റെ ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 200 പറയുന്നുണ്ട്. അത് അറിയാവുന്ന അദ്ദേഹം അതിനനുസരിച്ച നിലപാട് സ്വീകരിക്കും. രാജ്യത്തെ ജനാധിപത്യ സംവിധാനത്തില്‍ തെരഞ്ഞെടുക്കപ്പെട്ട ഒരു സർക്കാർ പാസാക്കിയ ബില്ലില്‍ എന്ത് നിലപാട് ഗവര്‍ണര്‍ സ്വീകരിക്കുന്നുവെന്ന് കാണാന്‍ കാത്തിരിക്കാമെന്നും മന്ത്രി പറഞ്ഞു.

ബില്ലിൽ ഗവർണർ ഒപ്പിട്ടില്ലെങ്കില്‍ എന്ന ചോദ്യം സാങ്കല്‍പ്പികമാണ്. ബില്ലുകള്‍ വന്നോയെന്ന കാര്യം പരിശോധിച്ചാല്‍ അറിയാവുന്നതേയുള്ളു. ബില്‍ ഗവര്‍ണര്‍ക്ക് മുന്നില്‍ എത്തുന്നതിന് ഒരു നടപടിക്രമം ഉണ്ട്. എവിടെ എത്തിയെന്ന് ഗവര്‍ണര്‍ക്ക് അറിയാന്‍ പറ്റുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.