ശ്രീനാരായണ ഗുരുവിനെ ആരും ചുവപ്പ് ഉടുപ്പിക്കേണ്ട; പ്രതികരണവുമായി വി മുരളീധരനും കെ സുരേന്ദ്രനും
ശ്രീനാരായണ ഗുരുവിനെ ഹിന്ദു സന്യാസി എന്ന് വിശേഷിപ്പിച്ച് ബിജെപി ഔദ്യോഗിക ഫേസ്ബുക്ക് പേജിൽ കുറിപ്പ് പങ്കുവെച്ചത് വിവാദമായ സാഹചര്യത്തിൽ പ്രതികരണവുമായി ബിജെപി നേതാക്കൾ. ശ്രീനാരായണ ഗുരുവിനെ ആരും ചുവപ്പ് ഉടുപ്പിക്കേണ്ടെന്ന് കേന്ദ്രമന്ത്രി വി മുരളീധരനും ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനും പ്രതികരിച്ചു.
നാരായണഗുരുവിനെ കാവിയുടുപ്പിച്ചെന്ന് പറഞ്ഞുകൊണ്ട് അനാവശ്യ വിവാദമുണ്ടാക്കുകയാണ്. ഗുരുദേവനെ കേവലം സാമൂഹിക പരിഷ്‌കർത്താവ് ആക്കേണ്ടെന്നും ഇരുവരും പുതുപ്പള്ളിയിൽ മാധ്യമങ്ങളോട് പ്രതികരിച്ചു.
‘സാമൂഹിക പരിഷ്കർത്താവും, ഹൈന്ദവ സന്യാസി ശ്രേഷ്ഠനുമായ ശ്രീനാരായണ ഗുരുദേവന് ബിജെപി കേരളത്തിൻ്റെ പ്രണാമം’ എന്നാണ് ബിജെപി കേരളം ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തത്. ശ്രീനാരായണ ഗുരു ആർഷഭാരതത്തിന്റെ പരമ ഗുരുവാണെന്ന് ബിജെപി ദേശീയ നിർവാഹക സമിതി അംഗം പി കെ കൃഷ്ണദാസും ഫേസ്ബുക്കിൽ കുറിച്ചു.
ഗണപതി ഭഗവാൻ മിത്താണെന്ന് സ്ഥാപിക്കാൻ കമ്മ്യൂണിസ്റ്റ് പാർട്ടി കാണിച്ച വ്യഗ്രത കേരളത്തിൽ പല ദേശീയ ബിംബങ്ങളെയും ഹൈന്ദവമല്ലാതാക്കി മാറ്റാൻ കമ്മ്യൂണിസ്റ്റുകാർ കാണിച്ചിട്ടുണ്ട്. സനാതന ധർമ്മവിശ്വാസികളായ സന്യാസി സമൂഹത്തിന്റെ ഭാഗമായിരുന്ന ശ്രീനാരായണ ഗുരുദേവനെ ഹിന്ദുവല്ലാതാക്കാൻ അവർ പണ്ടു മുതൽ ശ്രമിച്ചിട്ടുണ്ട്. നാരായണ ഗുരു ഈശ്വര വിശ്വാസിയല്ലെന്ന് വരെ അവർ പ്രചരിപ്പിച്ചു എന്നും കൃഷ്ണദാസ് പറഞ്ഞു.