ഒരാളുടെയും പേഴ്‌സണല്‍ ലൈഫ് നോക്കാറില്ല; മറ്റുള്ളവര്‍ക്ക് വേണ്ടി ഞാന്‍ മാറില്ല: ഉണ്ണി മുകുന്ദൻ
താന്‍ ചെയ്യുന്ന സിനിമകളെ ചിലര്‍ വിവാദമാക്കി മാറ്റുകയാണെന്ന് നടന്‍ ഉണ്ണി മുകുന്ദന്‍. റിലീസിനെത്താൻ പോകുന്ന പുതിയ സിനിമയായ ‘ജയ് ഗണേഷി’ന്റെ ടൈറ്റിലുമായി ബന്ധപ്പെട്ട വിവാദങ്ങളെ കുറിച്ച് സംസാരിക്കുകയായിരുന്നു ഉണ്ണി.
2023 ഓഗസ്റ്റില്‍ ഒറ്റപ്പാലത്തെ ഗണേശോത്സ വേദിയില്‍ വച്ചാണ് ജയ് ഗണേഷ് എന്ന സിനിമ ഉണ്ണി മുകുന്ദന്‍ പ്രഖ്യാപിച്ചത്. ഇതിനു പിന്നാലെ ‘മാളികപ്പുറം’ സിനിമയ്ക്ക് ശേഷം ഉണ്ണി മുകുന്ദന്‍ ഗണപതിയാവുന്നു എന്ന തരത്തില്‍ പ്രചാരണങ്ങള്‍ നടന്നിരുന്നു.
താനുമായി ബന്ധപ്പെട്ട വിവാദങ്ങളെ കുറിച്ച് മനോരമ ടിവിക്ക് നല്‍കിയ അഭിമുഖത്തിലാണ് ഉണ്ണി മുകുന്ദന്‍ സംസാരിച്ചത്. ഉണ്ണിയുടെ വാക്കുകൾ ഇങ്ങിനെ :
”സിനിമയുടെ പേരുവഴി വന്ന വിവാദങ്ങളും സിനിമയുമായി യാതൊരു ബന്ധവുമില്ല. മേപ്പടിയാന്‍, മാളികപ്പുറം എന്നീ സിനിമകള്‍ തൊട്ട് നമ്മള്‍ ചെയ്യുന്ന എല്ലാ കാര്യങ്ങളും ഒരു കൂട്ടം ആള്‍ക്കാര്‍ വിവാദമാക്കി മാറ്റുകയാണ്. എനിക്ക് എന്റെ സിനിമകള്‍ ഭയങ്കര പേഴ്‌സണല്‍ ആണ്, ഞാന്‍ അതില്‍ കൊടുക്കുന്ന എഫേര്‍ട്ടും അതിന്റെ ടീം ഒക്കെ.”
”സിനിമയെ വലിയ ഇമോഷണല്‍ ആയി കാണുന്നതിനാൽ എനിക്ക് അങ്ങനെ വിട്ടു കൊടുക്കാനും പറ്റിയിട്ടില്ല. എന്തിനാണ് ചെയ്യാത്ത കുറ്റത്തിന് നമ്മള്‍ ഇങ്ങനെ കേട്ടോണ്ട് ഇരിക്കണത്. സെന്‍സിറ്റീവ് ആയതു കൊണ്ട് തന്നെ എനിക്ക് ഡിപ്ലോമാറ്റിക് ആയി നില്‍ക്കാന്‍ അറിയില്ല. ഒരു കാര്യം തെറ്റ് ആണെങ്കില്‍ അത് ചൂണ്ടിക്കാണിക്കാനും എനിക്ക് പേടിയില്ല.”
”ഞാന്‍ ഒരാളുടെയും പേഴ്‌സണല്‍ ലൈഫ് നോക്കാറില്ല. ഇത് ആദ്യമായിട്ട് ആണെങ്കില്‍ അത് ആളുകള്‍ ശീലമായിക്കൊള്ളും. മറ്റുള്ളവര്‍ക്ക് വേണ്ടി ഞാന്‍ മാറില്ല. ഒരു സിനിമയ്ക്ക് വേണ്ടി എന്റെ വ്യക്തിത്വം ഞാന്‍ മാറ്റുകയാണെങ്കില്‍ അത് വലിയൊരു കോംപ്രമൈസ് ആയിരിക്കും. അങ്ങനെ സാധ്യത കുറവാണ്” ഉണ്ണി പറയുന്നു.