എൽദോസ് കുന്നപ്പിള്ളിയെ അറസ്റ്റ് ചെയ്യാൻ സ്പീക്കറുടെ അനുമതി ആവശ്യമില്ല: എ.എൻ.ഷംസീർ
എൽദോസ് കുന്നപ്പിള്ളിക്കെതിരായ കേസിൽ അറസ്റ്റ് ഉൾപ്പടെയുള്ള നടപടികളിലേക്ക് കടക്കാൻ പൊലീസിന് സ്പീക്കാരുടെ അനുമതി ആവശ്യം ഇല്ല എന്ന് സ്പീക്കർ എ.എൻ.ഷംസീർ. ഈ വിഷയത്തിൽ സുപ്രീം കോടതിയുടെ വിധി ഉണ്ട് എന്നും, അതിൽ കൃത്യമായ നിർദ്ദേശം ഉണ്ട് എന്നും സ്പീക്കർ എ.എൻ.ഷംസീർ വ്യക്തമാക്കി. കണ്ണൂരിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
അംഗത്തിനെതിരെ എടുക്കുന്ന നടപടി അറിയിച്ചാൽ മതി. ജനപ്രതിനിധികൾ പാലിക്കേണ്ട ചില മര്യാദകളുണ്ട്. അക്കാര്യം പാലിക്കാൻ എല്ലാവരും ബാധ്യസ്ഥരാണ്. നിയമം നിയമത്തിൻ്റെ വഴിക്ക് പോകുമെന്നും സ്പീക്കർ പറഞ്ഞു.
അതെ സമയം പെരുമ്പാവൂര്‍ എം എല്‍എ എല്‍ദോസ് കുന്നപ്പിള്ളി ഒളിവില്‍ തുടരുകയാണ്. കൂടാതെ എൽദോസ് കുന്നപ്പള്ളിക്കെതിരെ വിജിലൻസന്വേഷണവുമുണ്ടായേക്കും. കൈക്കൂലി നൽകി പരാതിക്കാരിയെ പിന്തിരിപ്പിക്കാൻ ശ്രമിച്ചുവെന്ന വെളിപ്പെടുത്തലിലാണ് പ്രാഥമിക അന്വേഷണം. കോവളം SHO യുടെ സാനിധ്യത്തിലും കൈക്കൂലി വാഗ്ദാനം ചെയ്തുവെന്ന് പരാതിക്കാരി വെളിപ്പെടുത്തിയിരുന്നു