ടൂറിസം മന്ത്രിയുമായി യാതൊരു പ്രശ്‌നവുമില്ല; മാധ്യമങ്ങള്‍ ആശയക്കുഴപ്പങ്ങള്‍ സൃഷ്ടിക്കരുത്: കടകംപള്ളി സുരേന്ദ്രന്‍

single-img
26 June 2024

സംസ്ഥാന ടൂറിസം വകുപ്പിനെതിരെ കഴിഞ്ഞ ദിവസം നിയമസഭയില്‍ വിമര്‍ശനം നടത്തിയ പിന്നാലെ ടൂറിസം മന്ത്രിയുമായി യാതൊരു പ്രശ്‌നവുമില്ലെന്ന് കടകംപള്ളി സുരേന്ദ്രന്‍ എംഎല്‍എ. ഈ വിഷയത്തിൽ മാധ്യമങ്ങള്‍ ആവശ്യമില്ലാതെ ആശയക്കുഴപ്പങ്ങള്‍ സൃഷ്ടിക്കരുതെന്നും കടകംപള്ളി കൂട്ടിച്ചേര്‍ത്തു.

നിയമസഭയില്‍ താന്‍ ഉന്നയിച്ച വിഷയങ്ങളില്‍ മന്ത്രിക്കെതിരെ വിമര്‍ശനമില്ലെന്നും എംഎല്‍എ വ്യക്തമാക്കി. ആക്കുളം കായല്‍ പുനരുജ്ജീവന പദ്ധതി പ്രായോഗികമാക്കുന്നതില്‍ ഉദ്യോഗസ്ഥരുടെ അനാസ്ഥ മാത്രമാണ് താന്‍ ചൂണ്ടിക്കാട്ടിയത്. മന്ത്രി ഇക്കാര്യത്തില്‍ കുറ്റക്കാരനല്ലെന്നും കടകംപള്ളി പറഞ്ഞു.

കഴിഞ്ഞ സർക്കാരിൽ താന്‍ ടൂറിസം മന്ത്രിയായിരുന്ന കാലത്ത് തന്റെ മണ്ഡലത്തില്‍ തുടക്കമിട്ട ആക്കുളം കായല്‍ പുനരുജ്ജീവന പദ്ധതി അട്ടിമറിക്കപ്പെടുന്നതായി കടകംപള്ളി സഭയില്‍ ആരോപിച്ചിരുന്നു. ഇതിന് പിന്നാലെ കടകംപള്ളി സുരേന്ദ്രനും ടൂറിസം വകുപ്പ് മന്ത്രി പിഎ മുഹമ്മദ് റിയാസും തമ്മില്‍ അസ്വാരസ്യങ്ങള്‍ നിലനില്‍ക്കുന്നുവെന്ന തരത്തില്‍ വിലയിരുത്തലുകള്‍ ഉണ്ടായിരുന്നു.