അസഭ്യം പ്രയോഗം നടത്തിയിട്ടില്ല ; ‘മര്യാദകേട്’ എന്ന വാക്ക് വളച്ചൊടിച്ചാണ് ആക്ഷേപിക്കുന്നത്: കെ സുധാകരൻ
സമരാഗ്നി ജാഥയ്ക്കിടെ ആലപ്പുഴയിൽ വെച്ച് നടത്തിയ സംയുക്ത വാർത്താ സമ്മേളനത്തിൽ താൻ അസഭ്യം പ്രയോഗം നടത്തിയിട്ടില്ലെന്ന് വ്യക്തമാക്കി കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. മാധ്യമപ്രവർത്തകരോട് ‘മര്യാദകേട്’ കാണിക്കരുത് എന്നാണ് പറഞ്ഞതെന്നും ‘മര്യാദകേട്’ എന്ന വാക്ക് വളച്ചൊടിച്ചാണ് തന്നെ ആക്ഷേപിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഇപ്പോൾ തന്റെ പേരിൽ പ്രചരിക്കുന്ന ആ വാക്ക് ജീവിതത്തിൽ എവിടെയും താൻ ഉപയോഗിച്ചിട്ടില്ലെന്നും വ്യാജപ്രചാരണം ഏറെ വേദനിപ്പിച്ചുവെന്നും അദ്ദേഹം പ്രതികരിച്ചു. കഴിഞ്ഞ ദിവസം ആലപ്പുഴയിലെ സമരാഗ്‌നി പരിപാടിക്കിടെയാണ് വിവാദത്തിനടിസ്ഥാനമായ സംഭവം ഉണ്ടായത്. ജാഥയുടെ ഭാഗമായി വിളിച്ചു ചേർത്ത വാർത്താ സമ്മേളനത്തിൽ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ എത്താൻ വൈകിയതാണ് കെ സുധാകരനെ ചൊടിപ്പിച്ചത്.
പത്രസമ്മേളനവേദിയിൽ കെ സുധാകരൻ എത്തി 20 മിനിറ്റ് വൈകിയാണ് വി ഡി സതീശൻ എത്തിയത്. ഈ സമയം കെ സുധാകരൻ അസ്വസ്ഥനാകുകയായിരുന്നു. അടുത്തിരുന്ന ഡിസിസി പ്രസിഡന്റിനോട് അതൃപ്തി അറിയിക്കുന്നതിനിടയിലാണ് കെ സുധാകരൻ അസഭ്യവാക്ക് ഉപയോഗിച്ചത്.