സിൽവ‍ര്‍ ലൈൻ പദ്ധതി ഉപേക്ഷിക്കുന്ന പ്രശ്നമില്ല; കേന്ദ്രാനുമതി ലഭ്യമായാൽ ഉടൻ നടപ്പാക്കും: എംവി ഗോവിന്ദൻ മാസ്റ്റർ

single-img
19 November 2022

സംസ്ഥാന സർക്കാർ സിൽവര്‍ ലൈൻ പദ്ധതി ഒരു കാരണവശാലും ഉപേക്ഷിക്കുന്ന പ്രശ്നമില്ലെന്ന് സിപിഎം സംസ്ഥാന ജനറൽ സെക്രട്ടറി എംവി ഗോവിന്ദൻ മാസ്റ്റർ . സംസ്ഥാനത്തിന്റെ അടുത്ത അൻപത് വ‍ര്‍ഷത്തെ വികസനം മുന്നിൽ കണ്ടുള്ള പദ്ധതിയാണ് കെ റെയിലെന്നും കേന്ദ്രസർക്കാരിന്റെ അനുമതി കിട്ടിയാലുടൻ പദ്ധതി നടപ്പിലാക്കുമെന്നും എംവി ഗോവിന്ദൻ മാസ്റ്റർ വ്യക്തമാക്കി.

കെ റെയിൽ പദ്ധതി ഉപേക്ഷിക്കാൻ ഇടതുപക്ഷ ജനാധിപത്യ മുന്നണി ഇതുവരെ തീരുമാനിച്ചിട്ടില്ലെന്ന് ഇന്ന് മാധ്യമങ്ങളെ കണ്ട സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും അറിയിച്ചിരുന്നു. സിൽവർ ലൈൻ പദ്ധതിയുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി നിലപാട് നേരത്തെ വ്യക്തമാക്കിയിട്ടുള്ളതാണെന്ന് മന്ത്രി വി.എൻ വാസവനും പ്രതികരിച്ചിരുന്നു.

അതേസമയം സിൽവർ ലൈൻ/ കെ റെയിൽ പദ്ധതിയിൽ നിന്ന് സർക്കാർ പിൻമാറിയാൽ നല്ലതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ അഭിപ്രായപ്പെട്ടു. സംസ്ഥാന സര്‍ക്കാര്‍ പിന്മാറിയില്ലെങ്കിൽ പിന്മാറുന്നത് വരെ സമരം തുടരും. പദ്ധതിയിൽ നിന്ന് പിന്മാറിയെന്ന് സർക്കാർ ഓദ്യോഗികമായി പ്രഖ്യാപിക്കട്ടെയെന്നും സതീശൻ കൂട്ടിച്ചേര്‍ത്തു.