ഏഴുവര്‍ഷത്തെ പിണറായി ഭരണം മുടിപ്പിക്കാത്ത ഒരു മേഖലയും സംസ്ഥാനത്തില്ല: കെ സുധാകരൻ
കഴിഞ്ഞ ഏഴുവര്‍ഷത്തെ പിണറായി ഭരണം മുടിപ്പിക്കാത്ത ഒരു മേഖലയും സംസ്ഥാനത്തില്ല എന്ന് കെപിസിസി അധ്യക്ഷൻ കെ സുധാകരന്‍. ഡല്‍ഹിയിലെ കേരള ഹൗസിലും തിരുവനന്തപുരം മെഡിക്കല്‍ കോളജിലുമൊക്കെ പാല്‍ പോലും വാങ്ങാന്‍ കഴിയാതെ വരുന്ന ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയില്‍പ്പെട്ട് സംസ്ഥാനം ഉഴറുമ്പോഴാണ് പ്രതിമാസം 80 ലക്ഷം രൂപ വാടക നൽകി ഹെലികോപ്റ്റര്‍ വാടകയ്‌ക്കെടുത്തതെന്നും അദ്ദേഹം ആരോപിച്ചു.
‘ കേരളാ സര്‍ക്കാരിന്റെ സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് ബില്ലുകള്‍ മാറാന്‍ വൈകിയതിനാൽ ഡല്‍ഹി കേരള ഹൗസില്‍ ജീവനക്കാര്‍ പോക്കറ്റില്‍നിന്ന് 20,000 രൂപ മുടക്കിയാണ് ഈ ദിവസങ്ങളില്‍ പാല്‍ വാങ്ങിയത്. അതിനുശേഷം അതും നിര്‍ത്തി.
കേരളത്തിൽ തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ കിടപ്പുരോഗികള്‍ക്ക് കൊടുത്ത പാലിന്റെ കുടിശിക 1.19 കോടി ആയതിനെ തുടര്‍ന്നാണ് മില്‍മ പാല്‍ വിതരണം നിര്‍ത്തിയത്. ബ്രഡ് വിതരണവും നിലച്ചു. എന്നാൽ നേരത്തെ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് മൂന്നു മാസം വരെ സര്‍ക്കാര്‍ ആശുപത്രികളില്‍ നിന്ന് മരുന്ന് സൗജന്യമായി നൽകിയിരുന്നു. ഇപ്പോള്‍ പത്തു ദിവസത്തേക്കാണ് ഡോക്ടര്‍മാര്‍ കുറിപ്പു നല്കുന്നത്.
പക്ഷെ രോഗികള്‍ക്ക് രണ്ടോ മൂന്നോ ദിവസത്തെ മരുന്നേ ലഭിക്കുന്നുള്ളു. സംസ്ഥാന സര്‍ക്കാര്‍ സംഭരിച്ച നെല്ലിന്റെ 1.5 ലക്ഷം രൂപ നല്‍കാത്തതിനെ തുടര്‍ന്ന് അമ്പലപ്പുഴയില്‍ രാജപ്പന്‍ എന്ന കര്‍ഷകന്‍ ആത്യമഹത്യ ചെയ്തിട്ട് ഒരാഴ്ചപോലും ആയില്ല.
ഇതിനിടയിലാണ് ഹെലികോപ്റ്റും സൗദിയില്‍ ലോകകേരള സമ്മേളനവും പോലെയുള്ള ധൂര്‍ത്ത് അരങ്ങേറുന്നത്. ഹെലികോപ്റ്ററിന് മൂന്നു വര്‍ഷത്തേക്ക് 28.80 കോടി രൂപയാണ് വാടകയായി നൽകേണ്ടത്. ലോകകേരള സഭയുടെ വരവ് ചെലവ് കണക്കുകള്‍ ഇതുവരെ പരസ്യമാക്കിയിട്ടില്ല. വലിയ സുരക്ഷാ സംവിധാനമൊരുക്കി സെക്രട്ടേറിയറ്റിനെ രാവണന്‍കോട്ട ആക്കിയതിന് പിന്നാലെ സെക്രട്ടേറിയറ്റ് അനക്‌സിലും 2 കോടിയോളം രൂപ മുടക്കി സുരക്ഷ കൂട്ടി.
ഏഴുവര്‍ഷത്തെ പിണറായി ഭരണം മുടിപ്പിക്കാത്ത ഒരു മേഖലയും സംസ്ഥാനത്തില്ല. കേരളത്തിന്റെ കരുത്തുറ്റ സഹകരണമേഖലയെ കാട്ടാന കയറിയ കരിമ്പിന്‍ തോട്ടംപോലെ സിപിഐഎമ്മുകാര്‍ ചവിട്ടിയരച്ചു. ലക്ഷക്കണക്കിന് നിക്ഷേപകര്‍ പെരുവഴിയിലായപ്പോള്‍ സിപിഐഎം നേതാക്കള്‍ ചോരകുടിക്കുന്ന അട്ടകളെപ്പോലെ തടിച്ചു വീര്‍ത്തു. പുതുപ്പള്ളിയില്‍ ജനങ്ങള്‍ തിരിച്ചടി നൽകിയിട്ടും പിണറായി സര്‍ക്കാര്‍ തെറ്റില്‍നിന്ന് തെറ്റിലേക്ക് കൂപ്പുകുത്തുകയാണ്’, സുധാകരന്‍ ചൂണ്ടിക്കാട്ടി.