യെല്ലോ ഫീവര്‍ പ്രതിരോധ വാക്‌സിന്‍ കാര്‍ഡ് ഇല്ല;സുഡാനില്‍ നിന്നെത്തിയ 25 മലയാളികള്‍ ബംഗളൂരു വിമാനത്താവളത്തില്‍ കുടുങ്ങി

single-img
29 April 2023

ബംഗളൂരു: സുഡാനില്‍ നിന്നും വന്ന മലയാളികള്‍ ബംഗളൂരു വിമാനത്താവളത്തില്‍ കുടുങ്ങി. യെല്ലോ ഫീവര്‍ പ്രതിരോധ വാക്‌സിന്‍ കാര്‍ഡ് ഇല്ലെങ്കില്‍ പുറത്തിറങ്ങാനാകില്ലെന്ന് എയര്‍പോര്‍ട്ട് അധികൃതര്‍ വ്യക്തമാക്കി.

അല്ലെങ്കില്‍ അഞ്ച് ദിവസം സ്വന്തം ചെലവില്‍ ക്വാറന്റീനില്‍ പോകണമെന്നാണ് നിര്‍ദേശം.

25 മലയാളികളാണ് ബംഗളൂരു വിമാനത്താവളത്തില്‍ കുടുങ്ങിയത്. കഴിഞ്ഞ ദിവസങ്ങളിലായി നിരവധി മലയാളികള്‍ ഉള്‍പ്പടെ ഡല്‍ഹി, മുംബൈ വിമാനത്താവളങ്ങളില്‍ സുഡാനില്‍ നിന്നെത്തിയിരുന്നു. എന്നാല്‍ ആ വിമാനത്താവളങ്ങളിലൊന്നുമില്ലാത്ത നിബന്ധനകളാണ് ബംഗളൂരു എയര്‍പോര്‍ട്ട് അധികൃതര്‍ പറയുന്നത്.

വിദേശകാര്യ മന്ത്രാലയത്തിന്റെ നിബന്ധന അനുസരിച്ച്‌ യെല്ലോ ഫീവര്‍ പ്രതിരോധ വാക്‌സിന്‍ കാര്‍ഡ് ഇല്ലെങ്കില്‍ പുറത്തിറക്കാനാകില്ലെന്നാണ് അധികൃതരുടെ വാദം. അല്ലാത്തപക്ഷം സ്വന്തം ചെലവില്‍ അഞ്ച് ദിവസം ബംഗളൂരുവില്‍ കഴിയണം. ജീവനും കൊണ്ട് നാട്ടിലേക്ക് തിരികെയെത്തിയ ഞങ്ങള്‍ക്ക് ബംഗളൂരുവിലെ ക്വാറന്റീന്‍ ചെലവ് കൂടി വഹിക്കാനുള്ള ശേഷിയില്ലെന്നാണ് യാത്രക്കാര്‍ പറയുന്നത്. ഇക്കാര്യം ശ്രദ്ധയില്‍പ്പെട്ടതായും അടിയന്തരമായി ഇടപെടുമെന്നും ഡല്‍ഹിയിലെ കേരളസര്‍ക്കാരിന്റെ പ്രതിനിധി കെവി തോമസ് പറഞ്ഞു.