ക്ഷേത്രപരിസരത്ത് അഹിന്ദുക്കളായ വ്യാപാരികൾ കച്ചവടം ചെയ്യരുത്; കർണാടകയിൽ ബാനർ സ്ഥാപിച്ചു ഹിന്ദു ജാഗരൺ വേദികെ
കർണാടകയിലെ കുക്കെ ശ്രീ സുബ്രഹ്മണ്യ ക്ഷേത്രത്തിൽ അഹിന്ദുക്കളായ വ്യാപാരികളെ ആരാധനാലയത്തിന്റെ പരിസരത്ത് കച്ചവടം നടത്തുന്നത് വിലക്കി വലതുപക്ഷ സംഘടനയായ ഹിന്ദു ജാഗരൺ വേദികെ (എച്ച്‌ജെവി) കവാടത്തിൽ ഒരു ബാനർ സ്ഥാപിച്ചു.
ക്ഷേത്രത്തിലെ ചമ്പ ഷഷ്ഠി ഉത്സവത്തിന്റെ പശ്ചാത്തലത്തിലാണ് ബാനർ ഉയർന്നത്. ഈ തിങ്കളാഴ്ച ശേഷവാഹന ബന്ദി ഉത്സവത്തോടെ ആരംഭിച്ച ചമ്പ ഷഷ്ടി മഹോത്സവം ഡിസംബർ 5 വരെ തുടരും “കുക്കെ സുബ്രഹ്മണ്യ ചമ്പ ഷഷ്ഠി ഉത്സവത്തോടനുബന്ധിച്ച് ഈ പരിസരത്ത് മറ്റ് മതങ്ങളിൽ നിന്നുള്ളവരുടെ ബിസിനസ് പ്രവർത്തനങ്ങൾ നിരോധിച്ചിരിക്കുന്നു,” ബാനറിൽ പറയുന്നു.
ഹിന്ദു ഇതര വ്യാപാരികൾ ഉത്സവ വേളയിൽ കച്ചവടം നടത്തുന്നത് തടയാൻ ആവശ്യമായ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് കുക്കെ ശ്രീ സുബ്രഹ്മണ്യ ക്ഷേത്ര ഭരണ സമിതിക്കും ഹിന്ദു ജാഗരൺ വേദികെ കത്തയച്ചതായി ഒരു ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്തു.
കർണാടക ഹിന്ദു മത സ്ഥാപനങ്ങളുടെയും ചാരിറ്റബിൾ എൻഡോവ്‌മെന്റ് നിയമപ്രകാരം മറ്റ് മതസ്ഥരെ ഉത്സവ വേളയിൽ കച്ചവടം ചെയ്യാൻ അനുവദിക്കരുതെന്ന് ക്ഷേത്രം മാനേജ്‌മെന്റിന് അയച്ച കത്തിൽ ഹിന്ദു ജാഗരൺ വേദികെ അംഗം ഹരിപ്രസാദ് കെ പറഞ്ഞു. ക്ഷേത്രത്തിന്റെ പവിത്രത സംരക്ഷിക്കപ്പെടേണ്ടതാണെന്നും ക്രമസമാധാനപാലനവും വേണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, മാനേജ്‌മെന്റ് ചട്ടങ്ങൾ പാലിക്കുന്നുണ്ടെന്നും അഹിന്ദു വ്യാപാരികൾക്ക് ക്ഷേത്രപരിസരത്ത് കച്ചവടം നടത്താൻ അനുമതിയില്ലെന്നും ക്ഷേത്രഭരണ സമിതി പ്രസിഡന്റ് മോഹൻറാം സുള്ളിയിൽ പറഞ്ഞു. “മറ്റ് മതങ്ങളിൽ നിന്നുള്ള ആളുകളെ ക്ഷേത്ര പരിധിക്കുള്ളിൽ ബിസിനസ്സ് നടത്താൻ അനുവദിക്കുന്നതിന് നിയമപ്രകാരം ഞങ്ങൾക്ക് ഒരു ഓപ്ഷനില്ല,” സുള്ളി പറഞ്ഞു