ശശി തരൂരിന്റെ ഇതുവരെയുള്ള ഒരു പ്രവര്‍ത്തനവും വിഭാഗീയ പ്രവര്‍ത്തനമല്ല; വിഡി സതീശനെ തള്ളി കെ മുരളീധരന്‍

single-img
23 November 2022

കേരള രാഷ്ട്രീയത്തിൽ കൂടുതൽ ശ്രദ്ധിക്കാൻ ഒരുങ്ങുന്ന ശശി തരൂരിനുള്ള പിന്തുണ ആവര്‍ത്തിച്ച് കെ മുരളീധരൻ. യൂത്ത് കോണ്‍ഗ്രസ് പിന്‍വലിച്ച പരിപാടി മറ്റൊരു സംഘടന നടത്തിയില്ലായിരുന്നുവെങ്കില്‍ കോണ്‍ഗ്രസിന് വലിയ ചീത്തപ്പേരായി മാറിയേനെഎന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശനെ തള്ളി കെ മുരളീധരന്‍ പറഞ്ഞു.

അതേപോലെ തന്നെ ശശി തരൂരിന്റെ ഇതുവരെയുള്ള ഒരു പ്രവര്‍ത്തനവും വിഭാഗീയ പ്രവര്‍ത്തനമല്ലെന്ന് അദ്ദേഹം പറഞ്ഞു. തരൂരിന്റെ കേരളത്തിലെ സന്ദര്‍ശനങ്ങളെ വിഭാഗീയതായി കാണേണ്ടതില്ലെന്നും മുരളീധരന്‍ പറഞ്ഞു.

വര്‍ഗീയതയ്‌ക്കെതിരെ സംഘടിപ്പിക്കപ്പെട്ട ഒരു സെമിനാറില്‍ പങ്കെടുക്കാന്‍ വന്ന തരൂരിന് കോണ്‍ഗ്രസിലെ ചിലരുടെ ഇടപെടല്‍കൊണ്ട് വേദികിട്ടാതെ മടങ്ങേണ്ടി വന്നു എന്നൊരു വാര്‍ത്ത വന്നിരുന്നുവെങ്കില്‍ അത് കോണ്‍ഗ്രസിനുണ്ടാക്കുമായിരുന്ന ആഘാതം ചെറുതല്ല. എന്നാൽ ഒരു സംഘടന അതേറ്റെടുത്ത് സെമിനാര്‍ നടത്തി. കോണ്‍ഗ്രസിന്റെ ആശയങ്ങള്‍ അദ്ദേഹം വ്യക്തമായി സംസാരിച്ചു.

ഒരിക്കലും രാഷ്ട്രീയക്കാര്‍ തമ്മില്‍ കാണുമ്പോള്‍ കാലാവസ്ഥ വ്യതിയാനമല്ല ചര്‍ച്ച ചെയ്യുന്നത്. ശശി തരൂരിന് കേരള രാഷ്ട്രീയത്തില്‍ നല്ല പ്രസക്തിയുണ്ട്. ഗ്രൂപ്പ് ഉണ്ടാക്കല്‍ അല്ല തരൂരിന്റെ ലക്ഷ്യം. തരൂരിനെ എതിര്‍ത്ത് എതിരാളികള്‍ക്ക് ആയുധം കൊടുക്കരുതെന്നും മുരളീധരന്‍ ആവശ്യപ്പെട്ടു.