എംഎം മണി നടത്തിയത് തെറിയഭിഷേകം; അതൊന്നും നാടൻ പ്രയോഗമായി കണക്കാക്കാൻ കഴിയില്ല:ഡീൻ കുര്യാക്കോസ്

single-img
19 March 2024

തനിക്കെതിരെ വ്യക്തിഅധിക്ഷേപ പ്രസംഗം നടത്തിയ സിപിഎം എംഎൽഎയായ എം.എം.മണിക്കെതിരെ ഇടുക്കി യുഡിഎഫ് സ്ഥാനാർത്ഥി ഡീൻ കുര്യാക്കോസ്. എംഎം മണി നടത്തിയത് തെറിയഭിഷേകമാണെന്നും അതൊന്നും നാടൻ പ്രയോഗമായി കണക്കാക്കാൻ കഴിയില്ലെന്നും ഡീൻ കുര്യാക്കോസ് പ്രതികരിച്ചു. ‘നേരത്തെയും എനിക്കെതിരെ ഇത്തരത്തിൽ പദപ്രയോഗങ്ങൾ നടത്തിയിട്ടുണ്ട്. ഇങ്ങനെ പദപ്രയോഗം നടത്താൻ ലൈസൻസ് കിട്ടിയിട്ടുണ്ടെന്ന തെറ്റിദ്ധാരണയിലാണ് എംഎം മണി. ഇതൊന്നും നാടൻപ്രയോഗമായി കരുതാനാവില്ല.

തെറിക്കുത്തരം മുറിപ്പത്തൽ എന്നതാണ് സിപിഎം ആഗ്രഹിക്കുന്നതെങ്കിൽ എന്റെ ഭാഷാശൈലി അതല്ല. ഇടുക്കി ഇപ്പോൾ അനുഭവിക്കുന്ന മുഴുവൻ ബുദ്ധിമുട്ടുകൾക്കും കാരണം ഇടതുസർക്കാരാണെന്നും എംഎം മണി മന്ത്രി ആയിരുന്ന കാലത്താണ് ബഫർ സോൺ ഉത്തരവും നിർമ്മാണ നിരോധനവും കൊണ്ടുവന്നതെന്നും ഡീൻ കുര്യാക്കോസ് കുറ്റപ്പെടുത്തി. എന്തുകൊണ്ട് അതിനെ എതിർത്തില്ലെന്ന് എംഎം മണി വ്യക്തമാക്കണം. തെറിയഭിഷേകം നടത്തിയ ശ്രദ്ധ തിരിച്ചുവിടാം എന്നാണ് മണി ആഗ്രഹിക്കുന്നതെങ്കിൽ നടക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

യുഡിഎഫ് സ്ഥാനാർത്ഥി ഡീൻ കുര്യാക്കോസിനെയും പി ജെ കുര്യനെയും വ്യക്തിപരമായി അധിക്ഷേപിക്കുന്ന പ്രസംഗമാണ് എംഎം മണി നടത്തിയത്. ഡീൻ കുര്യക്കോസ് ഷണ്ഡനാണെന്നും ചത്തതിനൊക്കുമെ ജീവിച്ചിരിക്കുന്നു എന്ന നിലയിലാണെന്നും പൗഡറും പൂശി ഫോട്ടോ എടുത്ത് നാട്ടുകാരെ ഇപ്പോൾ ഒലത്താം എന്നു പറഞ്ഞ് വീണ്ടും ഇറങ്ങിയിട്ടുണ്ടെന്നുമായിരുന്നു ഇടുക്കി തൂക്കുപാലത്ത് നടത്തിയ പാർട്ടി പരിപാടിയിലെ പ്രസംഗം.

”ഷണ്ഡന്മാരെ ജയിപ്പിച്ചു കഴിഞ്ഞാൽ അനുഭവിക്കും. കെട്ടിവച്ച കാശ് പോലും ഡീന് കൊടുക്കരുത്. ഡീനിന് മുൻപ് ഉണ്ടായിരുന്ന പിജെ കുര്യൻ പെണ്ണ് പിടിയനാണ്. വിദേശികളെ ചുമക്കുകയാണ് ഇടുക്കിക്കാരുടെ പണി.ആകെ സ്വദേശി ആയുള്ളത് ഇപ്പോൾ ജോയ്സ് മാത്രമാണെന്നും എംഎം മണി അധിക്ഷേപിച്ചു”. ഇടുക്കി തൂക്കുപാലത്ത് അനീഷ് രാജൻ അനുസ്മരണ സമ്മേളനത്തിലായിരുന്നു എം എം മണിയുടെ പ്രസംഗം.