യുഎഇയുടെ ആദ്യ വനിതാ ബഹിരാകാശ സഞ്ചാരിയാകാന്‍ നൂറ അൽ മത്റൂഷി

single-img
4 October 2023

യുഎഇയുടെ ആദ്യ ബഹിരാകാശ സഞ്ചാരിയാകാന്‍ ഒരുങ്ങുകയാണ് നൂറ അല്‍ മത്‌റൂഷി. ഇവർ 2024ല്‍ ബഹിരാകാശത്തേക്ക് യാത്ര തിരിക്കും. ദുബൈയുടെ അടുത്ത കിരീടാവകാശി ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമാണ് യുഎഇയുടെ ഏറ്റവും പുതിയ ദൗത്യത്തെ കുറിച്ച് എക്‌സ് പ്ലാറ്റ്‌ഫോമിലൂടെ പ്രഖ്യാപിച്ചത്.

ദുബൈയിലെ മുഹമ്മദ് ബിന്‍ റാഷിദ് സ്‌പേസ് സെന്ററില്‍ നടന്ന യോഗത്തിന് ശേഷമാണ് അദ്ദേഹം പ്രഖ്യാപനം നടത്തിയത്. നൂറയോടൊപ്പം മുഹമ്മദ് അല്‍ മുല്ലയും അടുത്ത വര്‍ഷം ബഹിരാകാശത്തെത്തും. അറബ് ലോകത്തെ ഏറ്റവും നൂതന ഉപഗ്രഹമായ എംബിസെഡ് സാറ്റ് അടുത്ത വര്‍ഷം വിക്ഷേപിക്കുമെന്നും ശൈഖ് ഹംദാന്‍ അറിയിച്ചു. ദുബൈ പൊലീസ് മുന്‍ ഹെലികോപ്റ്റര്‍ പൈലറ്റായ മുഹമ്മദ് അല്‍ മുല്ലയെയും എഞ്ചിനീയര്‍ നൂറ അല്‍ മത്രൂഷിയെയും 2021ല്‍ ബഹിരാകാശ ദൗത്യത്തിന് തെരഞ്ഞെടുത്തിരുന്നു.

പിന്നാലെ നാസ പരിശീലന കേന്ദ്രത്തിലേക്ക് അയച്ചു. ഇവിടെ അവസാനഘട്ട പരിശീലനത്തിലാണ് ഇരുവരും. അടുത്തിടെയാണ് ബഹിരാകാശ ദൗത്യം പൂര്‍ത്തിയാക്കി സുല്‍ത്താന്‍ അല്‍ നെയാദി തിരികെ യുഎഇയിലെത്തിയത്. ഇതിന് പിന്നാലെയാണ് പുതിയ പ്രഖ്യാപനവും.