ബിജെപി ഭരണത്തില്‍ വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങള്‍ വികസനപാതയിൽ: പ്രധാനമന്ത്രി

single-img
8 April 2024

ലോക്സഭാ തെരഞ്ഞെടുപ്പ് വരവേ , കലാപ ബാധിതമായ മണിപ്പൂരിനെ കേന്ദ്രസർക്കാർ സംരക്ഷിച്ചുവെന്ന അവകാശ വാദവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. സംഘർഷ സമയങ്ങളിൽ മണിപ്പുരില്‍ സന്ദര്‍ശനം നടത്താത്ത മോദി, അസമില്‍ ഒരു ദിനപത്രത്തിന് നല്‍കിയ അഭിമുഖത്തിലാണ് സമയോചിതമായി ഇടപെട്ടുവെന്ന് അവകാശപ്പെട്ടത്.

അസം ട്രിബ്യൂണ്‍ എന്ന പത്രത്തിന് നല്‍കിയ അഭിമുഖത്തിലാണ് കേന്ദ്രസര്‍ക്കാര്‍ മണിപ്പുരില്‍ സമയോചിതമായി ഇടപെട്ടുവെന്ന് അവകാശപ്പെട്ടത്. സംസ്ഥാനത്തിനായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ സ്വീകരിച്ച നടപടികളെയും മോദി പ്രശംസിക്കുന്നു.

വളരെ സൂഷ്മമായാണ് മണിപ്പുര്‍ വിഷയം കൈകാര്യം ചെയ്തത്. കേന്ദ്രത്തിന് സാധ്യമായതെല്ലാം ചെയ്യാന്‍ കഴിഞ്ഞുവെന്നും നരേന്ദ്ര മോദി പ്രതികരിച്ചു. ബിജെപി ഭരണത്തില്‍ വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങള്‍ വികസനപാതയിലാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു മോദിയുടെ മണിപ്പുര്‍ പരാമര്‍ശവും.

അതേസമയം , കഴിഞ്ഞ ഒരു വര്‍ഷമായി തുടരുന്ന മണിപ്പുരിലെ വര്‍ഗീയ കലാപത്തില്‍ ഇരുന്നൂറിലധികം പേരാണ് കൊല്ലപ്പെട്ടത്. 2023 മേയ് മൂന്നിന് പൊട്ടിപ്പുറപ്പെട്ട മണിപ്പൂര്‍ കലാപം. ഇരുന്നൂറിലധികം പേര്‍ കൊല്ലപ്പെട്ടു. നിരവധി സ്ത്രീകള്‍ കൂട്ടമാനഭംഗത്തിനിരയായി. സ്ത്രീകളെ നഗ്‌നരാക്കി തെരുവിലൂടെ വലിച്ചിഴച്ചു. സ്ത്രീകളും കുട്ടികളും അഭയാര്‍ത്ഥി ക്യാമ്പുകളിലെ അന്തേവാസികളായി മാറി. കലാപം അവസാനിപ്പിക്കാന്‍ ഇതുവരെയും ബിജെപി ഭരിക്കുന്ന സംസ്ഥാനത്ത് കഴിഞ്ഞിട്ടില്ല എന്നതാണ് വാസ്തവം.