ആക്രി ശേഖരണത്തിന്‍റെ മറവില്‍ മോഷണം നടത്തിയ ഉത്തരേന്ത്യന്‍ സംഘം പിടിയില്‍

single-img
25 January 2023

ചാലക്കുടി: ആക്രി ശേഖരണത്തിന്‍റെ മറവില്‍ മോഷണം നടത്തിയ ഉത്തരേന്ത്യന്‍ സംഘം പിടിയില്‍. പുതുക്കാടിന് സമീപം പ്രമുഖ വ്യവസായ ഗ്രൂപ്പിന്‍റെ പൂട്ടിയിട്ട ഫാക്ടറിയുടെ പൂട്ടുപൊളിച്ച്‌ ലക്ഷങ്ങള്‍ വിലയുള്ള വിദേശ നിര്‍മിത യന്ത്രഭാഗങ്ങള്‍ മോഷ്ടിച്ച കേസിലാണ് അറസ്റ്റ്.

കൊടകര ഉളുമ്ബത്ത്കുന്നില്‍ വാടകക്ക് താമസിക്കുന്ന ഉത്തര്‍പ്രദേശ് ഗാസിയാബാദ് വൈശാലി സെക്ടര്‍-5 സ്വദേശികളായ റഹീം കബീര്‍ ഷേക്ക് (20), കബീര്‍ ഷേക്ക് (52), മുഹമ്മദ് രബിയുള്‍ (27), കൊല്‍ക്കത്ത മുര്‍ഷിദാബാദ് സ്വദേശി മുഹമ്മദ് നസീന്‍ (30) എന്നിവരാണ് പിടിയിലായത്.

കഴിഞ്ഞ ഒമ്ബതിന് പുലര്‍ച്ചയാണ് പൂട്ടിക്കിടക്കുന്ന സ്ഥാപനത്തിന്റെ ഗേറ്റിന്റെയും ഫാക്ടറിയുടെയും വാതിലിന്റെയും പൂട്ടുതകര്‍ത്ത് മോഷണം നടത്തിയത്. 2018ലെ പ്രളയത്തിനുശേഷം ഫാക്ടറി പ്രവര്‍ത്തിക്കുന്നില്ല. സ്ഥാപനത്തിന്റെ ഗേറ്റ് തുറന്നുകിടക്കുന്നത് കണ്ട് സമീപം താമസിക്കുന്ന മുന്‍ ജീവനക്കാരന്‍ നടത്തിയ പരിശോധനയിലാണ് മോഷണവിവരം അറിഞ്ഞത്. പുതുക്കാട് പൊലീസും ചാലക്കുടി ഡിവൈ.എസ്.പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘവും എത്തി സമീപത്തെ സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോള്‍ സംശയാസ്പദമായി കണ്ട വാഹനം കേന്ദ്രീകരിച്ച്‌ നടത്തിയ അന്വേഷണത്തിലാണ് മോഷ്ടാക്കളുടെ സങ്കേതം കണ്ടെത്തിയത്. കൊടകര കൊളത്തൂരില്‍ ആക്രി ശേഖരിക്കുന്ന സംഘത്തിന്റെ വാസസ്ഥലത്ത് മോഷ്ടാക്കളെത്തിയ ടാറ്റ എയ്സ് വാഹനവും ഇരുചക്ര വാഹനവും കണ്ടെത്തി. ഇവിടെനിന്ന് പിടികൂടിയവരെ ചോദ്യം ചെയ്തതപ്പോള്‍ മോഷണ വിവരങ്ങള്‍ ലഭിക്കുകയും മോഷണം പോയ കുറച്ച്‌ യന്ത്ര ഭാഗങ്ങള്‍ കണ്ടെടുക്കുകയും ചെയ്തു.

ചാലക്കുടി ഡിവൈ.എസ്.പി സി.ആര്‍. സന്തോഷിന്റെയും പുതുക്കാട് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ സുനില്‍ദാസിന്റെയും നേതൃത്വത്തില്‍ സബ് ഇന്‍സ്പെക്ടര്‍ സൂരജ്, ക്രൈം സ്ക്വാഡ് അംഗങ്ങളായ ജിനുമോന്‍ തച്ചേത്ത്, സി.എ. ജോബ്, സതീശന്‍ മടപ്പാട്ടില്‍, റോയ് പൗലോസ്, പി.എം. മൂസ, വി.യു. സില്‍ജോ, എ.യു. റെജി, എം.ജെ. ബിനു, ഷിജോ തോമസ്, പുതുക്കാട് സ്റ്റേഷനിലെ സീനിയര്‍ സി.പി.ഒ പി.എം. ജിജോ, സിവില്‍ പൊലീസ് ഓഫിസര്‍മാരായ എന്‍.വി. ശ്രീജിത്, പി.എസ്. സുജിത് കുമാര്‍ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.