യുദ്ധത്തിന് തയ്യാറെടുക്കാൻ സൈന്യത്തിന് നിർദേശം നൽകി ഉത്തരകൊറിയൻ ഏകാധിപതി കിം ജോങ് ഉൻ
സോൾ: യുദ്ധത്തിന് തയ്യാറെടുക്കാൻ ഉത്തരകൊറിയൻ ഏകാധിപതി കിം ജോങ് ഉൻ സൈന്യത്തിന് നിർദേശം നൽകിയതായി റിപ്പോർട്ട്. സൈന്യത്തിന്റെ ഉന്നത ജനറലിനെ പിരിച്ചുവിടുകയും ചെയ്തെന്ന് ഉത്തരകൊറിയൻ മാധ്യമമായ കെസിഎൻഎ റിപ്പോർട്ട് ചെയ്തു. യുദ്ധസാധ്യതയുണ്ടെന്നും കൂടുതൽ തയ്യാറെടുപ്പുകൾ നടത്തണമെന്നും ആയുധനിർമ്മാണം വർധിപ്പിക്കാനും കിം ജോങ് ഉൻ നിർദേശം നൽകിയതായും റിപ്പോർട്ടിൽ പറയുന്നു. ഉത്തരകൊറിയക്കെതിരെ നീങ്ങുന്ന ശത്രുക്കളെ പിന്തിരിപ്പിക്കുന്നതിനുള്ള പ്രതിരോധനടപടികളും ചർച്ച ചെയ്തു. സെൻട്രൽ മിലിട്ടറി കമ്മീഷൻ യോഗത്തിലാണ് കിം ഇക്കാര്യം പറഞ്ഞത്. സൈന്യത്തിന്റെ ഉന്നത ജനറലിനു പകരം ജനറൽ റി യോങ് ഗില്ലിനെയാണ് നിയമിച്ചത്. കഴിഞ്ഞ ആഴ്ച കിം ആയുധ ഫാക്ടറികൾ സന്ദർശിക്കുന്ന ചിത്രങ്ങൾ പ്രചരിച്ചിരുന്നു.
കൂടുതൽ മിസൈൽ എഞ്ചിനുകളും പീരങ്കികളും മറ്റ് ആയുധങ്ങളും നിർമ്മിക്കാൻ അദ്ദേഹം നിർദേശം നൽകിയിട്ടുണ്ട്. യുക്രെയ്‌നിലെ യുദ്ധത്തിന് റഷ്യക്ക് പീരങ്കി ഷെല്ലുകളും റോക്കറ്റുകളും മിസൈലുകളും ഉൾപ്പെടെയുള്ള ആയുധങ്ങൾ ഉത്തരകൊറിയ നൽകിയതായി അമേരിക്ക ആരോപിച്ചു. അതേസമയം, റഷ്യയും ഉത്തരകൊറിയയും ആരോപണം നിഷേധിച്ചു. പുതിയതായി നിർമിച്ച ആയുധങ്ങളും ഉപകരണങ്ങളും ഉപയോഗിച്ച് സൈനിക അഭ്യാസങ്ങൾ നടത്താനും കിം ആവശ്യപ്പെട്ടിരുന്നു. ഉത്തരകൊറിയയുടെ സ്ഥാപക ദിനത്തിന്റെ 75-ാം വാർഷികം ആഘോഷിക്കുന്ന സെപ്തംബർ 9 ന് ഉത്തര കൊറിയ സൈനിക പരേഡ് നടത്തിയേക്കും. ഓഗസ്റ്റ് 21 നും 24 നും ഇടയിൽ യുഎസും ദക്ഷിണ കൊറിയയും സംയുക്ത സൈനിക അഭ്യാസങ്ങൾ നടത്താൻ തീരുമാനിച്ചത് തങ്ങൾക്കുനേരെയുള്ള വെല്ലുവിളിയായിട്ടാണ് ഉത്തരകൊറിയ കാണുന്നത്.
കഴിഞ്ഞ മാസങ്ങളില്‍ നിരവധി ബാലിസ്റ്റിക് മിസൈല്‍ പരീക്ഷണങ്ങളാണ് ഉത്തര കൊറിയ നടത്തിയത്. ഉത്തരകൊറിയയുടെ ആയുധ പരീക്ഷണങ്ങള്‍ക്കെതിരെ ദക്ഷണി കൊറിയയും ജപ്പാനും രംഗത്തെത്തുകയും ചെയ്തു. അതിന് പിന്നാലെയാണ് ആയുധ നിര്‍മാണ ശാല സന്ദര്‍സിക്കുന്ന കിമ്മിന്‍റെ ചിത്രം പുറത്തുവന്നത്.