മുഖ്യമന്ത്രി പിണറായി വിജയനെ വിമർശിക്കാൻ ഭയമില്ല: എംവി ഗോവിന്ദൻ മാസ്റ്റർ

single-img
8 July 2024

സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തെ വിമർശിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ . ബിനോയ് വിശ്വം പ്രതികരിച്ചത് സിപിഎം നിലപാട് മനസിലാക്കാതെയെന്നായിരുന്നു എംവി ഗോവിന്ദൻ മാസ്റ്ററുടെ കുറ്റപ്പെടുത്തൽ.

സംസ്ഥാനത്തെ ഇടതുമുന്നണിയുടെ ഭാഗമായി നിൽക്കുമ്പോൾ മുന്നണിയിൽ ചർച്ച ചെയ്ത് പരിഹരിക്കാനുളള നിലപാടാണ് സ്വീകരിക്കേണ്ടത്. ഒരു പൊട്ടിക്കലും അധോലോക പ്രവർത്തനവും പാർട്ടിയുടെ ഭാഗമായി നിന്നുകൊണ്ട് നടത്താൻ അനുവദിക്കില്ല. അതാണ് പാർട്ടി നിലപാട്.

അത്തരത്തിലുള്ള നിലപാട് മനസിലാക്കികൊണ്ടല്ല ബിനോയ് വിശ്വം പ്രതികരിച്ചതെന്നും അദ്ദേഹം വേറൊരു പാർട്ടിയാണെന്നും എംവി ഗോവിന്ദൻ ചൂണ്ടിക്കാണിച്ചു.ഒരു ചാനലിന് അനുവദിച്ച പ്രത്യേക അഭിമുഖത്തിലാണ് എം വി ഗോവിന്ദൻ മാസ്റ്റർ നിലപാട് വ്യക്തമാക്കിയത്.

അതേപോലെതന്നെ , എസ്എഫ്ഐയും എഐഎസ്എഫുമായി പ്രശ്നങ്ങളുണ്ടെന്നും അതൊക്കെ എല്ലാവർക്കും അറിയുന്നതാണെന്നും എംവി ഗോവിന്ദൻ പറഞ്ഞു. എസ്എഫ്ഐ കേരളത്തിൽ നിരവധി പേരെ ചരിത്രം പഠിപ്പിച്ചിട്ടുണ്ട്. അവരൊക്കെ വലിയ നിലയിൽ എത്തിയിട്ടുമുണ്ട്. ഇതിനൊന്നും പദാനുപദ മറുപടി പറയാൻ ഉദ്ദേശിക്കുന്നില്ല.

എസ്എഫ്ഐയുടെ പ്രശ്നമൊക്കെ പരിഹരിക്കും. ബിനോയ് വിശ്വം ഇങ്ങനെയല്ല ഈ വിഷയം കൈകാര്യം ചെയ്യേണ്ടിയിരുന്നത് എന്ന അഭിപ്രായമുണ്ടെന്നും എം വി ഗോവിന്ദൻ മാസ്റ്റർ വ്യക്തമാക്കി. ഇതോടൊപ്പം മുഖ്യമന്ത്രി പിണറായി വിജയനെ വിമർശിക്കാൻ ഭയമില്ലെന്നും എന്താണ് ഭയപ്പെടേണ്ട കാര്യമെന്നും എം വി ഗോവിന്ദൻ മാസ്റ്റർ ചോദിച്ചു.