എല്ലാ മദ്യത്തിനും സെസ് ഏർപ്പെടുത്തിയിട്ടില്ല; എല്ലാത്തിനും വില വർധിക്കുന്നില്ല: മന്ത്രി കെ എൻ ബാലഗോപാൽ
ഇത്തവണത്തെ സംസ്ഥാന ബജറ്റിൽ മദ്യ വിലയിൽ സെസ് ഏർപ്പെടുത്തിയത് എങ്ങിനെയെന്ന് വിശദീകരണവുമായി ധനമന്ത്രി കെ എൻ ബാലഗോപാൽ രംഗത്തെത്തി. എല്ലാ മദ്യത്തിനും സെസ് ഏർപ്പെടുത്തിയിട്ടില്ലെന്നും അതുകൊണ്ടുതന്നെ എല്ലാത്തിനും വില വർധിക്കുന്നില്ലെന്നും ബാലഗോപാൽ വിശദീകരിച്ചു.
നിലവിൽ 500 രൂപക്കു താഴെയുള്ള മദ്യത്തിന് വില കൂടില്ലെന്ന് വ്യക്തമാക്കിയ ധനമന്ത്രി പക്ഷെ, 500 മുതൽ മുകളിലേക്ക് വിലയുള്ള മദ്യത്തിന് മാത്രമാണ് വില കൂടന്നതെന്നും കൂട്ടിച്ചേർത്തു. 500 രൂപ മുതല്‍ 999 രൂപ വരെ വില വരുന്ന ഇന്ത്യന്‍ നിര്‍മിത വിദേശമദ്യത്തിന് ഒരു ബോട്ടിലിന് 20 രൂപാനിരക്കിലും 1000 രൂപാ മുതല്‍ മുകളിലോട്ട് വില വരുന്ന മദ്യത്തിന് ബോട്ടിലിന് 40 രൂപാ നിരക്കിലുമുള്ള സാമൂഹ്യ സുരക്ഷാ സെസ്സ് ആണ് ഏര്‍പ്പെടുത്തിയിട്ടുള്ളതെന്നും അദ്ദേഹം വിവരിച്ചു. അതേസമയം, 400 കോടി രൂപയാണ് സംസ്ഥാന സര്‍ക്കാര്‍ മദ്യത്തിനേർപ്പെടുത്തിയ സെസിലൂടെ അധികമായി പ്രതീക്ഷിക്കുന്നത്.