കേരളത്തിന് വന്ദേഭാരത് ട്രെയിനുകള്‍ അനുവദിക്കാത്ത കേന്ദ്ര നടപടി ഖേദകരം: മുഖ്യമന്ത്രി


കേരളത്തിലേക്ക് തല്‍ക്കാലം വന്ദേ ഭാരത് ട്രെയിന്‍ സര്‍വീസുകള്‍ അനുവദിക്കുന്നത് പരിഗണനയിലില്ലെന്ന കേന്ദ്രമന്ത്രി അശ്വനി വൈഷ്ണവിന്റെ പ്രസ്താവന ദൗര്‍ഭാഗ്യകരമാണ് എന്ന് കേരളാ മുഖ്യമന്ത്രി പിണറായി വിജയൻ. കേരളത്തിന്റെ റെയില്‍വേ വികസന സ്വപ്നങ്ങള്‍ക്ക് വീണ്ടും ചുവപ്പുകൊടി കാട്ടുന്നതാണ് ഇതുസംബന്ധിച്ച് കേന്ദ്രമന്ത്രി പാര്‍ലമെന്റില്‍ നല്‍കിയ മറുപടിയെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തില്‍ വന്ദേ ഭാരത് എക്‌സ്പ്രസ് വൈകാതെ എത്തുമെന്നാണ് 2023 ഫെബ്രുവരി ആദ്യവാരത്തില്‍ പോലും കേന്ദ്ര റെയില്‍വേ മന്ത്രി ആവര്‍ത്തിച്ചു വ്യക്തമാക്കിയത്. ഇതില്‍ നിന്നും റെയില്‍വേ മന്ത്രാലയം ഇപ്പോള്‍ പിന്നോക്കം പോയത് ദുരൂഹമാണ്. രാജ്യത്തിന്റെ റെയില്‍ ഭൂപടത്തില്‍ നിന്ന് കേരളത്തെ അപ്രസക്തമാക്കാനുള്ള നിരന്തര നടപടികളില്‍ ഏറ്റവും അവസാനത്തേതാണിതെന്നും അദ്ദേഹം തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.
വന്ദേ ഭാരതിനെ ഉയര്‍ത്തിക്കാട്ടിയായിരുന്നു കെ റെയില്‍ പദ്ധതിയെ അട്ടിമറിക്കാന്‍ യുഡിഎഫും ബിജെപിയും ശ്രമിച്ചത്. വളവുകള്‍ നിവര്‍ത്തി കേരളത്തില്‍ വന്ദേ ഭാരത് ട്രെയിന്‍ ഓടിക്കാന്‍ കഴിയുമെന്നു പറഞ്ഞവരുള്‍പ്പെടെ കേന്ദ്രമന്ത്രിയുടെ മറുപടിക്കുശേഷം മൗനത്തിലാണ്. അര്‍ഹമായ റെയില്‍വേ വികസനം കേരളത്തിന് നിഷേധിക്കപ്പെടുമ്പോഴുള്ള ഈ മൗനം കുറ്റകരമാണെന്നും മുഖ്യമന്ത്രി ഓർമ്മപ്പെടുത്തി.
ഇന്ന് കേരളം നേരിടുന്ന പ്രധാന പ്രശ്‌നങ്ങളിലൊന്നാണ് യാത്രാ സൗകര്യമില്ലായ്മ. അറുനൂറ്റി ഇരുപതോളം കിലോമീറ്റര്‍ പിന്നിടാന്‍ പന്ത്രണ്ടും പതിമൂന്നും മണിക്കൂര്‍ എടുക്കേണ്ടി വരുന്ന അവസ്ഥയാണ്. ഇതുമൂലം ജനങ്ങള്‍ കഷ്ടപ്പെടുകയും സംസ്ഥാനത്തിന്റെ വികസന പദ്ധതികള്‍ പലതും തടസ്സപ്പെടുകയും ചെയ്യുന്നു.
ഈ അവസ്ഥ മാറ്റാന്‍ റെയില്‍ വികസനം അനിവാര്യമാണ്. അതിനുള്ള പ്രതിജ്ഞാബദ്ധമായ ഇടപെടലാണ് സംസ്ഥാന സര്‍ക്കാര്‍ നടത്തുന്നത്. അതിനെ അട്ടിമറിക്കുന്ന ഏതു നടപടിയും ജനങ്ങളുടെ താല്പര്യത്തിനുവിരുദ്ധമാണ്. വന്ദേ ഭാരത് വിഷയത്തില്‍ കേന്ദ്ര സര്‍ക്കാര്‍ അടിയന്തിരമായി പുനരാലോചന നടത്തണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു .