എല്ലാവർക്കും വിവാഹം പറ്റിയെന്ന് വരില്ല; ആ ചിന്ത തന്നെ ഇപ്പോള്‍ എന്നെ ഭയപ്പെടുത്തുന്നതാണ്: അർച്ചന കവി
മലയാള സിനിമയിലെ ഇടവേളയ്ക്ക് ശേഷം ഇപ്പോൾ മിനിസ്‌ക്രീനിലൂടെ ശക്തമായ തിരിച്ചുവരവ് നടത്തുകയാണ് നടി അർച്ചന കവി. തന്റെ ഭാവി കരിയറിനെക്കുറിച്ചും ജീവിതത്തെക്കുറിച്ചുമൊക്കെ ധന്യ വര്‍മ്മയ്ക്ക് നല്‍കിയ അഭിമുഖത്തിൽ അർച്ചന തുറന്നുപറച്ചിൽ നടത്തിയിരുന്നു. സോഷ്യൽ മീഡിയയിൽ ചർച്ചയാകുക അഭിമുഖത്തിലെ പ്രസക്ത ഭാഗങ്ങൾ വായിക്കാം.
” നീലത്താമര എന്ന സിനിമയിലൂടെയുള്ള തുടക്കം ജീവിതത്തില്‍ എനിക്ക് കിട്ടിയ വലിയ ഭാഗ്യമാണ്. വിജയവും പരാജയങ്ങളും ഒരുപാട് കണ്ടിട്ടുണ്ട്. നമ്മുടെ മാനസികാവസ്ഥയെ ബാധിക്കുന്ന തരത്തിലുള്ള പല കാര്യങ്ങളുമുണ്ട്. ഒരു ബ്രേക്ക് കിട്ടിയാല്‍ പൊളിക്കാം എന്ന് എല്ലാവരും പറയാറുണ്ട്.
പക്ഷെ അങ്ങിനെയല്ല , വിജയത്തിനെ നിലനിര്‍ത്തുന്നതാണ് വലിയ വെല്ലുവിളി. ഈ മേഖലയില്‍ ജോലി ചെയ്യുന്നത് ആസ്വദിക്കാനാവുമെങ്കില്‍ തുടരാം. ജയവും പരാജയവുമെല്ലാം അതേ രീതിയില്‍ കാണാന്‍ സാധിക്കണം. വിവാഹശേഷം അബീഷിനൊപ്പം മുംബൈയില്‍ താമസിച്ചിരുന്ന സമയത്തായിരുന്നു വീഡിയോകള്‍ ചെയ്ത് തുടങ്ങിയത്. അഭിനേത്രിയാവുമ്പോള്‍ നമ്മളെന്താണ് ചെയ്യേണ്ടത് എന്നതിനെക്കുറിച്ച് സ്‌ക്രിപ്റ്റുണ്ടാവും, അത് ചെയ്താല്‍ മതി. അങ്ങനെയല്ല, നീ സ്വന്തമായുണ്ടാക്കൂ. ട്രൈ ചെയ്ത് നോക്കൂയെന്നായിരുന്നു അബീഷ് പറഞ്ഞത്.
ഇരുവരും ചെറുപ്പം മുതലേ അറിയാവുന്നവരാണ്. ഒരുമിച്ചുതന്നെ ജോലി ചെയ്തിട്ടുണ്ട്. അവതാരകനായി ജോലി ചെയ്തിരുന്ന സമയത്ത് ഇതൊന്ന് ശരിയാക്കിത്താടോ എന്നൊക്കെ പറയുമായിരുന്നു. അതുകൊണ്ടുതന്നെ അങ്ങോട്ടും ഇങ്ങോട്ടും നന്നായി അറിയാമെന്നായിരുന്നു ഞങ്ങള്‍ കരുതിയത്. പക്ഷെ വിവാഹത്തെക്കുറിച്ചുള്ള ഞങ്ങളുടെ കാഴ്ചപ്പാടുകള്‍ തികച്ചും വ്യത്യസ്തമായിരുന്നു.
ഞങ്ങൾക്ക് പരസ്പരം ആവശ്യങ്ങളിലും സമാനതകളുണ്ടായിരുന്നില്ല. ഞങ്ങളുടെ സൗഹൃദം ഞങ്ങള്‍ക്ക് ഏറെ പ്രധാനപ്പെട്ട കാര്യമായിരുന്നു. അതേപോലെ തന്നെ ഇമോഷണലായൊരു പ്രശ്‌നം വന്നാല്‍ അത് എങ്ങനെ നേരിടണമെന്ന് അറിയാത്ത ആളാണ് അബീഷ്. വിവാഹം എന്ന ചിന്ത തന്നെ ഇപ്പോള്‍ എന്നെ ഭയപ്പെടുത്തുന്നതാണ്. അച്ഛൻ ആകാൻ പോവുക എന്നത് എന്തോ ഒരു ഉള്‍വിളി കൊണ്ടാണെന്ന് പറയാറില്ലേ, അത് എല്ലാവര്‍ക്കും ഉണ്ടാവാറില്ലല്ലോ, അതുപോലെയാണ് വിവാഹവും. എല്ലാവര്‍ക്കും അത് പറ്റിയെന്ന് വരില്ല. ഞങ്ങളുടെ ചുറ്റിലും ഒത്തി സന്തോഷത്തോടെ ജീവിക്കുന്ന ദമ്പതികളെ കണ്ടിട്ടുണ്ട്.”- അർച്ചന കവി പറഞ്ഞു.