വേദിയില്‍നിന്ന് പിണങ്ങിപ്പോവുകയോ ക്ഷുഭിതനാകുകയോ ചെയ്തിട്ടില്ല; ബുദ്ധിമുട്ട് അറിയിക്കുക മാത്രമാണ് ചെയ്തത്: മുഖ്യമന്ത്രി
കാസർകോട് ജില്ലയിലെ ബേഡഡുക്ക ഫാർമേഴ്‌സ് സഹകരണ ബാങ്ക് കെട്ടിടം ഉദ്ഘാടന ചടങ്ങിൽനിന്ന് ക്ഷുഭിതനായി ഇറങ്ങിപ്പോയി എന്ന വാർത്ത നിഷേധിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. വേദിയിൽനിന്ന് പിണങ്ങിപ്പോവുകയോ ക്ഷുഭിതനാകുകയോ ചെയ്തിട്ടില്ല, തനിക്കുണ്ടായ ബുദ്ധിമുട്ട് അറിയിക്കുക മാത്രമാണ് ചെയ്തതെന്ന് മുഖ്യമന്ത്രി കാസർകോട് തന്നെ മറ്റൊരു വേദിയിൽ പ്രതികരിച്ചു.
ജില്ലയിലെ പനയാൽ സിപിഎം ലോക്കൽ കമ്മറ്റി കെട്ടിടത്തിന്റെ ഉദ്ഘാടനവേദിയിലാണ് പിണറായി വിജയൻ വിവാദത്തെക്കുറിച്ചു വിശദീകരിച്ചത്. ‘ഞാൻ പറഞ്ഞ് അവസാനിപ്പിക്കുന്നതിനു മുൻപ് അയാൾ അനൗൺസ്‌മെന്റ് നടത്താൻ തുടങ്ങി. ഞാൻ പിന്നെയും ഒരു വാചകം പറഞ്ഞതിനു ശേഷമാണ് സ്‌നേഹാഭിവാദ്യം എന്നു പറഞ്ഞ് അവസാനിപ്പിക്കുന്നത്. അപ്പോൾ അത് തീരുന്നതിനു മുൻപ് എങ്ങനെയാണ് അനൗൺസ്‌മെന്റ് പറയുക. ഞാൻ പറഞ്ഞ് അവസാനിപ്പിക്കുന്നതിനു മുൻപ് നിങ്ങളെങ്ങനെ അനൗൺസ്‌മെന്റ് നടത്തുമെന്ന് ചോദിച്ചു.
അപ്പോൾ അയാളത് കേൾക്കുന്നില്ല. ഇത് വീണ്ടും വന്നുകൊണ്ടിരിക്കുകയാണ്. ‘നിങ്ങൾക്ക് ചെവിട് കേൾക്കില്ലേ ,ഇത് ചെയ്യാൻ പാടുണ്ടോ..ഞാൻ സംസാരിച്ച് അവസാനിപ്പിച്ചിട്ടല്ലേ നിങ്ങൾ അനൗൺസ് ചെയ്യാൻ പാടുള്ളൂ’ എന്ന് ഞാൻ പറഞ്ഞു. അത് പറഞ്ഞ് ഞാൻ അവിടെനിന്ന് ഇറങ്ങിപ്പോന്നു. അതിന് ഞാൻ പിണങ്ങിപ്പോയി എന്നാണ് വാർത്തവന്നത്. ആരു പിണങ്ങിയെന്നാണ്? എന്തു പിണക്കം? നിങ്ങൾ അങ്ങനെ പറഞ്ഞാൻ നാളെ ഞാൻ ഇതൊക്കെ പറയാതിരിക്കുമോ. ഒരാൾ ശരിയല്ലാതെ ഒരു കാര്യം ചെയ്താൽ അത് പറയേണ്ടത് എന്റെ ബാധ്യതയാണ്, അതു ഞാൻ പറഞ്ഞു. അത് വീണ്ടും പറയും.