കേരള സർക്കാരിന്റെ ഡല്‍ഹി സമരത്തില്‍ പങ്കെടുക്കാത്തത് മാന്യമായ ക്ഷണം ലഭിക്കാതിരുന്നതിനാല്‍: കെ മുരളീധരന്‍
സംസ്ഥാനത്തിനോടുള്ള അവഗണനക്കെതിരെ കേന്ദ്ര സര്‍ക്കാരിനെതിരെ കേരള സര്‍ക്കാര്‍ രാജ്യ തലസ്ഥാനമായ ഡല്‍ഹിയില്‍ നടത്തിയ സമരത്തില്‍ പങ്കെടുക്കാത്തത് മാന്യമായ ക്ഷണം ലഭിക്കാത്തിനാലെന്ന് കെ മുരളീധരന്‍. രാഷ്ട്രീയകാരണങ്ങളല്ല, വ്യക്തിപരമായ കാരണങ്ങളാലാണ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ അടക്കമുള്ളവര്‍ പങ്കെടുക്കാത്തത് എന്ന് അദ്ദേഹം പ്രതികരിച്ചു.
ഡല്‍ഹിയിൽ നടത്തപ്പെട്ട സമരം രാഷ്ട്രീയ നാടകമാണ്. ദേശീയ നേതാക്കളെ സമ്മര്‍ദ്ദം ചെലുത്തിയാണ് വേദിയിലെത്തിച്ചത്. കര്‍ണാടകയുടെ പ്രതിഷേധത്തെ കേരളവുമായി താരതമ്യം ചെയ്യാനാവില്ല. മുഖ്യമന്ത്രിയുടെ ഇരട്ടത്താപ്പും കേന്ദ്ര അവഗണനയും യുഡിഎഫിന്റെ സമരാഗ്‌നിയിലൂടെ തുറന്നുകാട്ടുമെന്നും അദ്ദേഹം പ്രതികരിച്ചു.
സമരത്തിൽ പങ്കെടുക്കാൻ തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിനെ ക്ഷണിക്കാന്‍ പി രാജീവിനെപ്പോലെ ഒരു മന്ത്രിയെ അയച്ചപ്പോള്‍ ഖാര്‍ഗെയെ ക്ഷണിക്കാനയച്ചത് തങ്ങളില്‍ നിന്ന് മറുകണ്ടം ചാടിയ ആളെയാണ്. അതുകൊണ്ട് കാണാനുള്ള അവസരം പോലും നല്‍കാതിരുന്നത്. ഇത് കടുത്ത അവഹേളനമാണ് എന്നും അദ്ദേഹം പ്രതികരിച്ചു. കെവി തോമസിനെയാണ് ഖാര്‍ഗെയെ ക്ഷണിക്കാനയച്ചത്.