ശരിയായ സമയം വരട്ടെ; വനിതാ സംവരണ ബില്ലിനെക്കുറിച്ച് ഇപ്പോള്‍ പറയുന്നില്ല: രാഹുൽ ഗാന്ധി

single-img
19 September 2023

കേന്ദ്രം ഇന്ന് ലോക്സഭയിൽ അവതരിപ്പിച്ച വനിതാ സംവരണ ബില്ലിനെക്കുറിച്ച് പ്രതികരിക്കാതെ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ബില്ലിനെ പിന്തുണയ്ക്കുന്നുണ്ടോ എന്ന ചോദ്യത്തിന് ‘സമയമാകട്ടെ’ എന്നായിരുന്നു മറുപടി. തേസമയം, പുതിയ പാര്‍ലമെന്റ് മന്ദിരത്തില്‍ ആദ്യ ബില്ലായാണ് വനിതാ സംവരണ ബില്‍ അവതരിപ്പിച്ചത്.

128 ആം ഭരണഘടനാ ഭേദഗതിയായാണ് കേന്ദ്ര നിയമമന്ത്രി അര്‍ജുന്‍ രാം മേഘ്വാള്‍ ലോക്‌സഭയില്‍ ബില്‍ അവതരിപ്പിച്ചത്. ‘വനിതാ സംവരണ ബില്ലിനെക്കുറിച്ച് ഇപ്പോള്‍ പറയുന്നില്ല, ശരിയായ സമയം വരുന്നതുവരെ അതിനെക്കുറിച്ച് പ്രതികരിക്കില്ല’ – ബില്ലിനെക്കുറിച്ച് ചോദിച്ചപ്പോള്‍ രാഹുല്‍ ഗാന്ധി പറഞ്ഞു. പ്രതിപക്ഷ ബഹളത്തിനിടയിലാണ് വനിതാ സംവരണ ബില്‍ ലോക്‌സഭയില്‍ അവതരിപ്പിച്ചത്. വനിതാ സംവരണം നിലവില്‍ വന്നാല്‍ ലോക്‌സഭയിലെ വനിതാ എം.പിമാരുടെ എണ്ണം 82 ല്‍ നിന്ന് 181 ആയി ഉയരുമെന്ന് നിയമമന്ത്രി അര്‍ജുന്‍ റാം മേഘ്വാള്‍ പറഞ്ഞു.

ബില്‍ നിയമമാകുന്നതോടെ ഇന്ത്യന്‍ ജനാധിപത്യ ചരിത്രത്തില്‍ സുപ്രധാന നാഴികകല്ലായി മാറും. എന്നാല്‍ 2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വനിതാ സംവരണം നടപ്പിലാകില്ല. മണ്ഡല പുനനിര്‍ണയത്തിന് ശേഷം മാത്രമേ വനിതാ സംവരണം നടപ്പാക്കൂ എന്നാണ് ബില്ലിലെ വ്യവസ്ഥ. രാജ്യസഭയിലും സംസ്ഥാന ലെജിസ്ലേറ്റീവ് കൗണ്‍സിലുകളിലും വനിതാ സംവരണം ഉണ്ടാകില്ല. നേരത്തെ സഭ പാസാക്കിയ ബില്‍ നിലവിലിരിക്കെ പുതിയ ബില്ലില്‍ സാങ്കേതിക പ്രശ്‌നം ഉന്നയിച്ച് പ്രതിപക്ഷം സഭയില്‍ ബഹളംവെച്ചു.