ബുർഖ ധരിച്ച സ്ത്രീകളെ സുഹൃത്താക്കരുതെന്നാണ് എന്റെ സഹോദരിമാരോട് എനിക്ക് പറയാനുള്ളത്; വിദ്വേഷ പ്രസംഗവുമായി ബിജെപി എംഎൽഎ
വിദ്വേഷ പ്രസംഗവുമായി തെലങ്കാനയിലെ ബി.ജെ.പി എം.എൽ.എ രാജാ സിംഗ്. സംസ്ഥാനത്തെ ആദിലാബാദിൽ നടന്ന പൊതുപരിപാടിയില്‍ സംസാരിക്കവെ നെറ്റിയിൽ പൊട്ട് കുത്തുന്നവരെ മാത്രമേ താൻ സുഹൃത്താക്കൂവെന്ന് രാജാ സിങ് പറഞ്ഞു. ബുർഖ ധരിച്ച സ്ത്രീകളെ സുഹൃത്താക്കരുതെന്നും ബി.ജെ.പി നേതാവ് ആഹ്വാനം ചെയ്തു.
നേരത്തെ ഇദ്ദേഹത്തെ വിദ്വേഷപ്രസംഗത്തിന് കേസ് നേരിട്ടതിനു പിന്നാലെ പാർട്ടിയിൽനിന്ന് സസ്‌പെൻഡ് ചെയ്തിരുന്നു. പക്ഷെ വീണ്ടും വിദ്വഷപ്രസംഗം തുടരുകയാണ് രാജാ സിങ്. ഗോശാമഹൽ എം.എൽ.എയായിരുന്നു രാജാ സിങ്. പ്രവാചകൻ മുഹമ്മദ് നബിക്കെതിരെ അപകീർത്തി പരാമർശം നടത്തിയത് വലിയ കോളിളക്കം സൃഷ്ടിച്ചതോടെ കഴിഞ്ഞ ഓഗസ്റ്റിൽ ഇദ്ദേഹത്തെ ബിജെപി സസ്‌പെൻഡ് ചെയ്തത്. കരുതൽ തടങ്കലിലായിരുന്ന രാജാ സിങ് ഇപ്പോൾ ജാമ്യത്തിൽ പുറത്താണുള്ളത്.
‘നെറ്റിയിൽ പൊട്ടുതൊടുന്നവൻ എന്‍റെ സഹോദരനാണ്. അവൻ ഹിന്ദുവാണ്. എന്റെ സുഹൃത്തുമാണ്. അവരെ മാത്രമേ ഞാൻ സുഹൃത്താക്കൂ. ബുർഖ ധരിച്ച സ്ത്രീകളെ സുഹൃത്താക്കരുതെന്നാണ് എന്റെ സഹോദരിമാരോട് എനിക്ക് പറയാനുള്ളത്.’- രാജാ സിങ് ആഹ്വാനം ചെയ്തു.
‘ മുൻപൊക്കെ ആഫ്താബ് മാത്രമായിരുന്നു നമുക്ക് ഭീഷണി. പക്ഷെ ഇപ്പോൾ ആയിഷയും ഭീഷണിയായി മാറിയിരിക്കുകയാണ്. ആയിഷ ഹിന്ദു പെൺകുട്ടികളെ മുസ്‌ലിം ആൺകുട്ടികൾക്കടുത്തെത്തിക്കും. അതുകൊണ്ട് ജാഗ്രത വേണം’-എംഎല്‍എ പറഞ്ഞു.