ഹിൻഡൻബർഗ്-അദാനി വിഷയം; ബിജെപിക്ക് ഒന്നും മറച്ചുവെക്കാനില്ല: അമിത് ഷാ


ഹിൻഡൻബർഗ്-അദാനിവിഷയത്തിൽ ബിജെപിക്ക് മറച്ചുവെക്കാൻ ഒന്നുമില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ഹിൻഡൻബർഗ്-അദാനി വിഷയത്തിൽ ബിജെപിക്കെതിരെയും പ്രധാനമന്ത്രി മോദിക്കെതിരെയും പ്രതിപക്ഷ ആക്രമണം രൂക്ഷമായതോടെയാണ് അമിത് ഷായുടെ പ്രതികരണം.
സുപ്രീം കോടതി വിഷയം പരിഗണിക്കുന്നുണ്ട്. ഒരു മന്ത്രി എന്ന നിലയിൽ സുപ്രീം കോടതി പരിഗണിക്കുന്ന വിഷയത്തിൽ ഞാൻ അഭിപ്രായം പറയുന്നത് ശരിയല്ല. എന്നാൽ ഇതിൽ ബിജെപിക്ക് ഒളിക്കാനും പേടിക്കാനും ഒന്നുമില്ല- അമിത് ഷാ പറഞ്ഞു.
ബിജെപി ഭരണഘടനാ സ്ഥാപനങ്ങൾ പിടിച്ചെടുക്കുന്നു എന്ന കോൺഗ്രസിന്റെയും മറ്റു പ്രതിപക്ഷ പാർട്ടികളുടെയും ആരോപണത്തിനെതിരെ രൂക്ഷഭാഷയിൽ ആണ് അമിത് ഷാ പ്രതികരിച്ചത്. കോടതി ഞങ്ങളുടെ നിയന്ത്രണത്തിൽ അല്ല എന്നും, രാഹുൽ ഗാന്ധിക്ക് പ്രസംഗം എഴുതി കൊടുക്കുന്നവർ ശ്രദ്ധിക്കണം എന്ന് അദ്ദേഹം പറഞ്ഞു
അതേസമയം ഹിൻഡൻബർഗ് റിസർച്ചിന്റെ സമീപകാല റിപ്പോർട്ട് മൂലം ഉണ്ടായ സാഹചര്യം നേരിടാൻ സെബി പൂർണമായും സജ്ജമാണെന്ന് സോളിസിറ്റർ ജനറൽ തുഷാർ മേത്ത ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡിന്റെ ബെഞ്ചിനെ അറിയിച്ചു. കൂടാതെ അദാനി ഗ്രൂപ്പിനെക്കുറിച്ചുള്ള ഹിൻഡൻബർഗിന്റെ റിപ്പോർട്ടിനെ തുടർന്ന് നിക്ഷേപക താൽപര്യങ്ങൾ സംരക്ഷിക്കാൻ സമിതി രൂപീകരിക്കാൻ സെബി സമ്മതിച്ചതായും കേന്ദ്രം തിങ്കളാഴ്ച സുപ്രീം കോടതിയെ അറിയിച്ചു.