തെരഞ്ഞെടുപ്പ് കാലങ്ങളില്‍ സമുദായ നേതാക്കളെ പോയി കാണുന്നതില്‍ തെറ്റൊന്നുമില്ല: മന്ത്രി വിഎന്‍ വാസവന്‍
തെരഞ്ഞെടുപ്പ് കാലങ്ങളില്‍ സമുദായ നേതാക്കളെ പോയി കാണുന്നതില്‍ തെറ്റൊന്നുമില്ലെന്ന് സഹകരണ മന്ത്രി വിഎന്‍ വാസവന്‍. സ്ഥാനാര്‍ത്ഥികള്‍ എല്ലായിടത്തും പോകണം. മാത്രമല്ല, മതമേലദ്ധ്യക്ഷന്‍മാരേയും സമുദായ നേതാക്കളേയും തങ്ങള്‍ മുമ്പും പോയി കണ്ടിട്ടുണ്ടെന്നും വാസവന്‍ പറഞ്ഞു.
‘എല്ലാ കാലഘട്ടങ്ങളിലും തിരഞ്ഞെടുപ്പ് ആകുമ്പോൾ സാമൂഹ്യ ശക്തികളെ കാണുന്നത് രാഷ്ട്രീയ പാര്‍ട്ടികളുടെ ധര്‍മമാണ്. ഞങ്ങള്‍ മുമ്പും പോകാറുണ്ട്. ഇപ്പോഴും പോയി. മുമ്പ് പോകുമ്പോ ആരും പടം പിടിക്കാന്‍ വരാറില്ലായിരുന്നു. ഇപ്പോ എങ്ങോട്ടു നീങ്ങിയാലും പടം പിടിക്കുന്നു എന്നേ ഉള്ളൂ. സ്ഥാനാര്‍ത്ഥികള്‍ എല്ലായിടങ്ങളിലും പോകണമെന്നാണ്. ആരെയും മാറ്റിനിര്‍ത്താന്‍ പാടില്ല. എല്ലാവരുടെയും പ്രതിനിധിയാണ് സ്ഥാനാര്‍ത്ഥി.’ വി എന്‍ വാസവന്‍ പറഞ്ഞു.
സ്പീക്കറുടെ ബന്ധപ്പെട്ട മിത്ത് വിവാദത്തില്‍ എന്‍എസ്എസ് നടത്തിയ പ്രതിഷേധം സര്‍ക്കാറിനെതിരെ ആയിരുന്നില്ലെന്നും വിശ്വാസവുമായി ബന്ധപ്പെട്ട ചില പ്രശ്‌നങ്ങളുയര്‍ത്തി ഒരു ദിവസത്തെ നാമജപയാത്ര മാത്രമാണ് എന്‍എസ്എസ് സംഘടിപ്പിച്ചതെന്നും വി എന്‍ വാസവന്‍ പറഞ്ഞു. ജി സുകുമാരന്‍ നായരെ കാണാന്‍ ചെന്നപ്പോള്‍ആതിഥേയ സംസ്‌കാരത്തിലെ ഏറ്റവും ഉന്നത നിലവാരം പുലര്‍ത്തിക്കൊണ്ടാണ് അദ്ദേഹം തങ്ങളെ സ്വീകരിച്ചതെന്നും വിഎന്‍ വാസവന്‍ കൂട്ടിച്ചേര്‍ത്തു.