തെലുങ്കാനയിലെ ഓപ്പറേഷൻ താമര; ചോദ്യം ചെയ്യലിന് ഹാജരാകാൻ തുഷാർ വെള്ളാപ്പള്ളിക്ക് നോട്ടീസ്

single-img
16 November 2022

ബിജെപിക്കും കേന്ദ്രത്തിനുമെതിരെ തെലങ്കാന സർക്കാർ ആരോപണം ഉയർത്തിയ ഓപ്പറേഷൻ താമരയുടെ ബന്ധപ്പെട്ട് ബി ഡി ജെ എസ് അധ്യക്ഷന്‍ തുഷാർ വെള്ളാപ്പള്ളിക്ക് ചോദ്യം ചെയ്യലിന് നോട്ടീസ്. നവംബർ 21 ന് ഹൈദരാബാദിൽ പ്രത്യേക അന്വേഷണ സംഘം മുൻപാകെ ഹാജരാകണമെന്നാണ് നിർദ്ദേശം.

തെലുങ്കാനയിൽ നിന്നും നൽഗൊണ്ട എസ്‍ പി, രമാ മഹേശ്വരിയുടെ നേതൃത്വത്തിലുള്ള സംഘം കണിച്ചുകുളങ്ങരയിലെത്തി നോട്ടീസ് കൈമാറുകയായിരുന്നു. തുഷാറിന്‍റെ അസാന്നിധ്യത്തിൽ ഓഫീസ് സെക്രട്ടറിയാണ് നോട്ടീസ് സ്വീകരിച്ചത്. മുഖ്യമന്ത്രി കെ ചന്ദ്രശേഖ‍ര്‍ റാവു തങ്ങളുടെ എം എൽ എ മാരെ പണം നൽകി ചാക്കിലാക്കാൻ ബി ജെ പി നടത്തിയ ശ്രമത്തിന്‍റെ വീഡിയോ, കോൾ റെക്കോര്‍ഡിംഗ് തെളിവുകളടക്കം പുറത്ത് വിട്ടിരുന്നു.

വിഷയത്തിൽ കോടികളുമായി മൂന്ന് പേരെ കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. അതേസമയം, തെലുങ്കാന സർക്കാരിനെ അട്ടിമറിക്കാനുള്ള മുഴുവൻ ഓപ്പറേഷന്‍റെയും ചുമതല തുഷാർ വെള്ളാപ്പള്ളിക്കായിരുന്നുവെന്നാണ് തെലങ്കാന മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തിൽ ആരോപിച്ചത്. പിന്നാലെ തന്നെ അറസ്റ്റ് ചെയ്യപ്പെട്ട മൂന്ന് ഏജന്‍റുമാരും തുഷാറിനെ ബന്ധപ്പെട്ടതിന്‍റെ ഫോൺ വിവരങ്ങളും അദ്ദേഹം പുറത്തുവിട്ടിരുന്നു.

തുഷാർ, അമിത് ഷായുടെ നേരിട്ടുള്ള നോമിനിയാണെന്നും കെ സി ആ‍ര്‍ ആരോപിച്ചിരുന്നു. കെ സി ആറിന്‍റെ ആരോപണം ബി ജെ പിയും തുഷാർ വെള്ളാപ്പള്ളിയും തള്ളിയതിന് പിന്നാലെ ബി ഡി ജെ എസ് അധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളിയുടേതെന്ന് ആരോപിക്കുന്ന ശബ്ദരേഖയും പുറത്ത് വന്നിരുന്നു.