ഇനി എന്റെ അച്ഛനും അമ്മയും സഹോദരനുമെല്ലാം സിദ്ദിഖിക്ക; ശ്രുതി പറയുന്നു

single-img
21 September 2024

വയനാട് ഉരുൾപൊട്ടൽ ദുരന്തത്തില്‍ ഉറ്റവരെയും വാഹനാപകടത്തില്‍ പ്രതിശ്രുത വരനെയും നഷ്ടപ്പെട്ട ശ്രുതി ചികിത്സയ്ക്ക് ശേഷം ആശുപത്രി വിട്ടു. ഈ മാസം പത്തിന് സംഭവിച്ച വാഹനാപകടത്തിലാണ് ശ്രുതിക്ക് ഇരുകാലുകള്‍ക്കും പരിക്കേറ്റത്.

തുടർച്ചയായി ഉണ്ടായ ദുരന്തവും പരിക്കും തീർത്ത മാനസിക ആഘാതത്തില്‍ നിന്ന് കൂടിയാണ് അത്ഭുതകരമായ മനസ്സാന്നിധ്യത്തോടെ ശ്രുതി ജീവിതത്തിലേക്ക് തിരികെ എത്തുന്നത് . ശ്രുതി ഇനി ഒരിക്കലും ഒറ്റയ്ക്കാവില്ലെന്നും സഹോദരനായി എന്നും കൂടെയുണ്ടാവുമെന്നും ടി സിദ്ദിഖ് എംഎൽഎ പറഞ്ഞു.

അതേസമയം, ഇനി തന്‍റെ അച്ഛനും അമ്മയും സഹോദരനുമെല്ലാം സിദ്ദിഖിക്കയാണെന്ന് ശ്രുതി മാധ്യമങ്ങളോട് പറഞ്ഞു. തനിക്കൊരു കുറവും വരുത്താതെ എല്ലാം നല്ലതുപോലെ നോക്കിയെന്നും സഹോദരനെ പോലെയാണ് ടി സിദ്ദിഖ് കൂടെ നിന്നതെന്നും ശ്രുതി കൂട്ടിച്ചേർത്തു .

ആദ്യം അച്ഛനും അമ്മയും സഹോദരിയും ഉള്‍പ്പെടെ അടുത്ത കുടുംബാഗങ്ങളായ ഒൻപത് പേരെ ഉരുളെടുത്തു. വീടും സമ്പാദ്യവുമെല്ലാം നഷ്ടമായ ശ്രുതിയെ ചേർത്ത് നിർത്തിയത് പ്രതിശ്രുത വരനായ ജെൻസണാണ്. എന്നാൽ ആ താങ്ങിന് ദിവസങ്ങളുടെ ആയുസ്സ് മാത്രമെ ഉണ്ടായിരുന്നുള്ളൂ.

ഉരുള്‍പ്പൊട്ടല്‍ ദുരന്തമുണ്ടായി ആഴ്ചകള്‍ മാത്രം പിന്നിടുമ്പോള്‍ ഉണ്ടായ ഒരു വാഹനാപകടത്തില്‍ ജെൻസണെയും ശ്രുതിക്ക് നഷ്ടമായി. ആ അപകടത്തിൽ ശ്രുതിക്ക് ഇരു കാലുകൾക്കും പരിക്കേറ്റു. തന്നെ എല്ലാ ദിവസവും ആശുപത്രിയില്‍ ‌എത്തി കണ്ടിരുന്ന ടി സിദ്ദിഖ് എംഎഎല്‍എയോടും ആശുപത്രിയിലെ ഡോക്ടർമാരോടുമെല്ലാം ഉള്ള കടപ്പാട് അറിയിച്ചാണ് ശ്രുതി വീട്ടിലേക്ക് പോയത്.