എന്‍ക്യുഎഎസ്; രാജ്യത്തെ ഏറ്റവും ഉയര്‍ന്ന സ്‌കോര്‍ നേടി കേരളത്തിലെ കുടുംബാരോഗ്യ കേന്ദ്രം

single-img
28 June 2024

നാഷണല്‍ ക്വാളിറ്റി അഷുറന്‍സ് സ്റ്റാന്‍ഡേര്‍ഡില്‍ (എന്‍ക്യുഎഎസ്) രാജ്യത്തെ ഏറ്റവും ഉയര്‍ന്ന സ്‌കോര്‍ നേടി കേരളത്തിലെ മലപ്പുറം കോട്ടയ്ക്കല്‍ കുടുംബാരോഗ്യ കേന്ദ്രം. 99 ശതമാനം സ്‌കോര്‍ നേടി മികച്ച പ്രാഥമികാരോഗ്യ കേന്ദ്രങ്ങളുടെ പട്ടികയില്‍ സ്ഥാപനം ഇടം നേടുകയായിരുന്നു .

ഇന്ന് തലസ്ഥാനമായ ഡല്‍ഹിയില്‍ നടന്ന ആയുഷ്മാന്‍ ഭാരത് ഗുണവത് സ്വാസ്ഥ് നാഷണല്‍ ഈവന്റില്‍ വച്ച് കേന്ദ്ര ആരോഗ്യ സഹമന്ത്രി പുരസ്‌കാരം കൈമാറി. കോട്ടയ്ക്കല്‍ കുടുംബാരോഗ്യ കേന്ദ്രത്തിലെ മെഡിക്കല്‍ ഓഫീസര്‍ ഡോ. നഷീദ, സംസ്ഥാന, ജില്ലാ ക്വാളിറ്റി അഷുറന്‍സ് ഓഫീസര്‍മാര്‍, ആരോഗ്യ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥര്‍ എന്നിവര്‍ പുരസ്‌കാരം ഏറ്റുവാങ്ങി.

കേരളത്തിലെ ആരോഗ്യ മേഖലയിലുണ്ടായ പുരോഗതിയ്ക്കുള്ള അംഗീകാരം കൂടിയാണിതെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. ജനപ്രതിനിധികളുടെയും തദ്ദേശ സ്ഥാപനങ്ങളുടേയും സഹകരണത്തോടെ താലൂക്ക്, ജില്ലാ ആശുപത്രികളില്‍ കൂടി ഗുണനിലവാരം ഉറപ്പാക്കാനായുള്ള പ്രവര്‍ത്തനങ്ങളാണ് നടന്നു വരുന്നത്.

സംസ്ഥാനത്ത് ആകെ 175 ആശുപത്രികള്‍ക്ക് എന്‍.ക്യു.എ.എസ്. അംഗീകാരവും 76 ആശുപത്രികള്‍ക്ക് പുന:അംഗീകാരവും നേടിയെടുക്കാനായി. 5 ജില്ലാ ആശുപത്രികള്‍, 4 താലൂക്ക് ആശുപത്രികള്‍, 9 സാമൂഹികാരോഗ്യ കേന്ദ്രങ്ങള്‍, 41 നഗര കുടുംബാരോഗ്യ കേന്ദ്രം, 116 കുടുംബാരോഗ്യ കേന്ദ്രങ്ങള്‍ എന്നിങ്ങനെയാണ് എന്‍.ക്യു.എ.എസ് അംഗീകാരം നേടിയിട്ടുള്ളതെന്നും മന്ത്രി വ്യക്തമാക്കി.