87 വര്‍ഷത്തിനിടെ ടെസ്റ്റ് റാങ്കിംഗില്‍ ഒന്നാമതെത്തുന്ന ഏറ്റവും പ്രായം കൂടിയ ബൗളർ; അപൂർവ നേട്ടവുമായി ജെയിംസ് ആന്‍ഡേഴ്സ്സണ്‍
ഐസിസിഡി ഏറ്റവും പുതിയ ടെസ്റ്റ് ബൗളിംഗ് റാങ്കിംഗ് പുറത്തുവന്നപ്പോള്‍ ആരാധകര്‍ പ്രതീക്ഷിച്ചിരുന്നത് ഇന്ത്യയുടെ ആര്‍ അശ്വിന്‍ ഓസ്ട്രേലിയന്‍ ക്യാപ്റ്റൻ പാറ്റ് കമിന്‍സിനെ പിന്തള്ളി ഒന്നാം സ്ഥാനം തിരിച്ചുപിടിക്കുമെന്നായിരുന്നു. പക്ഷെ അവസാന നിമിഷ ട്വിസ്റ്റില്‍ അശ്വിനെ രണ്ടാം സ്ഥാനത്തു തന്നെ നിര്‍ത്തി ഒന്നാം സ്ഥാനത്തെത്തിയത് ഇംഗ്ലീഷ് പേസര്‍ ജെയിംസ് ആന്‍ഡേഴ്സ്സണ്‍. അതും തന്റെ നാല്‍പതാം വയസില്‍.
നിലവിൽ 866 റേറ്റിംഗ് പോയന്റുമായി ഐസിസി ടെസ്റ്റ് ബൗളിംഗ് റാങ്കിംഗില്‍ ഒന്നാമതെത്തിയ ആന്‍ഡേഴ്സണ്‍ ഒപ്പും പുതിയ ചരിത്രവും കുറിച്ചു. കഴിഞ്ഞ 87 വര്‍ഷത്തിനിടെ ടെസ്റ്റ് റാങ്കിംഗില്‍ ഒന്നാമതെത്തുന്ന ഏറ്റവും പ്രാംയ കൂടിയ ബൗളറെന്ന നേട്ടമാണ് 40 വയസുും 207 ദിവസവും പ്രായമുള്ള ആന്‍ഡേഴ്സണ്‍ ഇന്ന് സ്വന്തമാക്കിയത്.
നേരത്തെ 1936ല്‍ ഓസ്ട്രേലിയന്‍ ലെഗ് സ്പിന്നര്‍ ക്ലാരി ഗ്രിമ്മെറ്റിന് ശേഷം ഈ നേട്ടത്തിലെത്തുന്ന പ്രായം കൂടിയ താരമാണ് ആന്‍ഡേഴ്സണ്‍. ന്യൂസിലന്‍ഡിനെതിരായ ആദ്യ ടെസ്റ്റില്‍ ഏഴ് വിക്കറ്റ് വീഴ്ത്തി തിളങ്ങിയതാണ് ആന്‍ഡേഴ്സണെ ഒന്നാമതെത്തിച്ചത്. എന്നാൽ കമിന്‍സില്‍ നിന്ന് ഒന്നാം സ്ഥാനം തിരിച്ചു പിടിക്കുമെന്ന് കരുതിയ അശ്വിന് ഓസ്ട്രേലിയക്കെതിരായ രണ്ടാം ടെസ്റ്റില്‍ ആറ് വിക്കറ്റെ വീഴ്ത്താനായിരുന്നുള്ളു.
2003ല്‍ അന്താരാഷ്‌ട്ര ക്രിക്കറ്റിൽ സിംബാബ്‌വെക്കതിരെ പന്തെറിഞ്ഞ് തുടക്കമിട്ട ടെസ്റ്റ് കരിയറില്‍ ഇത് ആറാം തവണയാണ് ആന്‍ഡേഴ്സണ്‍ ബൗളര്‍മാരിലെ ഒന്നാമനാവുന്നത്. 20 വര്‍ഷം നീണ്ട കരിയറില്‍ 178 ടെസ്റ്റുകളില്‍ കളിച്ച ആന്‍ഡേഴ്സണ്‍ 682 വിക്കറ്റുമായി ടെസ്റ്റിലെ വിക്കറ്റ് വേട്ടയില്‍ മൂന്നാമതാണ്. ഓസീസ് സ്പിന്‍ ഇതിഹാസം ഷെയ്ന്‍ വോണ്‍(708), ശ്രീലങ്കന്‍ സ്പിന്‍ ഇതിഹാസം മുത്തയ്യ മുരളീധരന്‍(800) എന്നിവര്‍ മാത്രമാണ് ആന്‍ഡേഴ്സണ് മുന്നിലുള്ളത്. 2016ലാണ് ആന്‍ഡേഴ്സണ്‍ ഐസിസി റാങ്കിംഗില്‍ ഒന്നാമനായത്.