വോട്ടർ പട്ടികയിൽ മരിച്ചവരും, ബിജെപിയിൽ പോയവരും; വോട്ടർ പട്ടിക പ്രസിദ്ധീകരിക്കില്ല എന്ന് ആവർത്തിച്ചു കോൺഗ്രസ് നേതൃത്വം
കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പ് ഒക്ടോബർ 17 ന് നടക്കാനിരിക്കെ വോട്ടർ പട്ടിക പരസ്യപ്പെടുത്തില്ല എന്ന നിപാട് ആവർത്തിച്ചു പാർട്ടിയുടെ മുതിർന്ന നേതാവ് പ്രതാപ് സിംഗ് ബജ്‌വ. വോട്ടർ പട്ടിക പരസ്യമാക്കണമെന്ന് കോൺഗ്രസിന്റെ ജി-23 നേതാക്കളായ മനീഷ് തിവാരി, ശശി തരൂർ, കാർത്തി ചിദംബരം എന്നിവരുടെ പ്രസ്താവന ചൂണ്ടി കാണിച്ചപ്പോഴാണ് ബജ്‌വയുടെ പ്രതികരണം.
ഇത് പാർട്ടിയുടെ ആഭ്യന്തര തെരഞ്ഞെടുപ്പാണ്. വോട്ടർ പട്ടിക പൊതു സ്വത്തല്ല, ഒരു ചായ വിൽക്കുന്നവനോ ഗോൽഗപ്പ വിൽക്കുന്നയാളിനോ ഈ വോട്ടർ പട്ടിക നൽകില്ല. ഞാൻ തെരഞ്ഞെടുപ്പിൽ മത്സരിക്കുകയാണ് എങ്കിൽ പാർട്ടി ഓഫീസിൽ പോയി അവിടെ നിന്ന് വോട്ടർ പട്ടിക എടുക്കും. 24, അക്ബർ റോഡ്, ഡൽഹി, അവർക്ക് അതിന്റെ വിലാസവും അറിയാം. ഞാൻ നിങ്ങളോട് പറയട്ടെ, അടുത്ത മാസം നടക്കാനിരിക്കുന്ന പ്രസിഡന്റ് സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പിൽ റോൾ ആവശ്യപ്പെടുന്ന ആരും മത്സരിക്കില്ല – പ്രതാപ് സിംഗ് ബജ്‌വ പറഞ്ഞു.
വോട്ടർപട്ടിക പരസ്യപ്പെടുത്തണമെന്ന ആവശ്യത്തോട് കോൺഗ്രസ് ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാലും നേരത്തെ എതിർപ്പ് പ്രകടിപ്പിച്ചിട്ടുണ്ട്. പാർട്ടി ഓഫീസിലെത്തി ഏത് വോട്ടർ പട്ടികയുടെയും പകർപ്പ് പാർട്ടി അംഗങ്ങൾക്ക് കാണാം എന്നാണു വേണുഗോപാൽ പറഞ്ഞത്.