വിവാഹത്തലേന്ന് വധു കുഴഞ്ഞുവീണു മരിച്ചു; സംഭവം മലപ്പുറത്ത്

14 January 2023

മലപ്പുറം: മലപ്പുറത്ത് വിവാഹത്തലേന്ന് വധു കുഴഞ്ഞുവീണു മരിച്ചു. മലപ്പുറം പെരിന്തല്‍മണ്ണ പാതായ്ക്കര സ്കൂള്‍ പടിയിലെ കിഴക്കേതില്‍ മുസ്തഫയുടെയും സീനത്തിന്റെയും മകള്‍ ഫാത്തിമ ബത്തൂല്‍ (19) ആണ് മരിച്ചത്.
മൂര്‍ക്കാനാട് സ്വദേശിയുമായുള്ള വിവാഹം ഇന്ന് നടക്കാനിരിക്കെയാണു വധുവിന്റെ മരണം. വെള്ളിയാഴ്ച രാത്രി ഏഴു മണിയോടെയാണ് ദാരുണമായ സംഭവം നടന്നത്.
ബന്ധുക്കളോടൊപ്പം ഫോട്ടോ എടുത്തുകൊണ്ടിരുന്നപ്പോള്‍ ഫാത്തിമ പെട്ടന്ന് കുഴഞ്ഞ് വീഴുകയായിരുന്നു. ഉടന്‍ തന്നെ ഫാത്തിമയെ പെരിന്തല്‍മണ്ണയിലെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. സഹോദരന്‍: ഫവാസ്. മൃതദേഹം ഇ.എം.എസ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ഇന്ന് ഖബറടക്കം നടക്കും.