സിമി റോസ്ബെല്ലിനെ കോൺഗ്രസ് പുറത്താക്കിയത് എന്ത് ചർച്ചയുടെ അടിസ്ഥാനത്തിലാണ്: എംവി ഗോവിന്ദൻ മാസ്റ്റർ
പി വി അൻവർ ഉയർത്തിയ ആരോപണങ്ങൾ സിപിഎം ചർച്ച ചെയ്‌തുവെന്ന് സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. പരാതി ലഭിച്ച ഉടൻതന്നെ സുജിത് ദാസിനെ അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സസ്പെന്റ് ചെയ്തിട്ടുണ്ട്. ഭരണ തലത്തിൽ പരിശോധന നടത്താനായി സംസ്ഥാന സർക്കാർ സമിതിയെ നിയോഗിച്ചിട്ടുണ്ട്.
തെറ്റായ രീതിയിലുള്ള സമീപനം ആരുടെയെങ്കിലും ഭാഗത്ത് നിന്നുണ്ടായെങ്കിൽ ശക്തമായ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ പരാതി പരിശോധിച്ച് നടപടി സ്വീകരിക്കുന്ന സിപിഎം രീതി കോൺഗ്രസിലില്ല. സിമി റോസ്ബെല്ലിനെ കോൺഗ്രസ് പുറത്താക്കിയത് എന്ത് ചർച്ചയുടെ അടിസ്ഥാനത്തിലാണ്? അത് മാധ്യമങ്ങൾ ചർച്ചയാക്കിയില്ല. സ്ത്രീകൾക്കെതിരെ ഈ നിലപാട് സ്വീകരിക്കുന്നവരാണ് ഹേമ കമ്മിറ്റി റിപ്പോർട്ടിൻ്റെ പേരിൽ തെരുവിലിറങ്ങുന്നതെന്നും അദ്ദേഹം പരിഹാസയ്ച്ചു .
കേരളത്തിൽ ഏത് പ്രശ്നം ഉയർന്നാലും മുഖ്യമന്ത്രിക്കും പാർട്ടിക്കും എതിരെ അതിനെ ഉപയോഗിക്കുന്ന രീതിയാണ് കാണുന്നതെന്നും അദ്ദേഹം പറഞ്ഞു. ഹേമ കമ്മിറ്റി റിപ്പോർട്ടിന് കേരളത്തിന് രാജ്യത്തിൻ്റെ പല ഭാഗത്തും അംഗീകാരം ലഭിക്കുന്നുവെന്ന് എംവി ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു. രാജ്യത്തെ പല സംസ്ഥാനങ്ങളിലും സമാന ആവശ്യം ഉയർന്നിട്ടുണ്ട്. തൃശൂർ പൂരം സംബന്ധിച്ച പറയുന്നത് തികച്ചും അവാസ്തവുമായ കാര്യങ്ങളാണെന്നും അദ്ദേഹം പറഞ്ഞു.
ഏതെങ്കിലും എഡിജിപിയെ അടിസ്ഥാനപ്പെടുത്തി ആർഎസ്എസും ബിജെപിയുമായി കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് ലിങ്ക് ഉണ്ടാക്കേണ്ട കാര്യമില്ല. ബിജെപിയുമായി സിപിഎം ധാരണയുണ്ടാക്കി എന്നത് കള്ളക്കഥയാണ്. സുരേഷ് ഗോപിയെ ജയിപ്പിച്ചത് കോൺഗ്രസ്. വ്യാജ വാർത്ത തയ്യാറാക്കിയ ശേഷം അത് പ്രതിപക്ഷ നേതാവിലൂടെ ഉന്നയിക്കുകയാണ്. തൃശൂരിൽ ബിജെപി ജയിച്ചത് കോൺഗ്രസ് വോട്ടിലാണെന്നും അദ്ദേഹം പറഞ്ഞു.