സംസ്ഥാനത്ത് ഓണക്കിറ്റ് വിതരണം പ്രതിസന്ധിയിൽ


തിരുവനന്തപുരം: സംസ്ഥാനത്ത് ഓണക്കിറ്റ് വിതരണം പ്രതിസന്ധിയിൽ. സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച ഓണക്കിറ്റ് ഇതുവരെ റേഷൻ കടകളിലേക്ക് എത്തിയില്ല. മിൽമ ഉത്പന്നത്തിനാണ് ക്ഷാമമെന്ന് ഭക്ഷ്യ വകുപ്പ് പറയുന്നു.
ഇന്നലെയാണ് ഭക്ഷ്യമന്ത്രി ജി ആര്‍ അനില്‍ കിറ്റ് വിതരണത്തിന്റെ ഉദ്ഘാടനം നിർവ്വഹിച്ചത്. ഇന്ന് മുതൾ കിറ്റ് നല്‍കി തുടങ്ങുമെന്ന് മന്ത്രി പറഞ്ഞിരുന്നു. പക്ഷെ റേഷൻ കടകളിലേക്ക് കിറ്റ് വിതരണത്തിനെത്തിക്കാൻ ഇതുവരെ കഴിഞ്ഞിട്ടില്ല. 13 ഇനത്തിൽ മിൽമയിൽ നിന്ന് കിട്ടേണ്ട പായസക്കൂട്ട് ഇത് വരെ കിട്ടിയില്ല. ഉടനെ പരിഹരിച്ചില്ലെങ്കിൽ പകരം വഴി നോക്കേണ്ടിവരുമെന്ന് മിൽമയെ അറിയിച്ചിട്ടുണ്ടെന്നും ഭക്ഷ്യ വകുപ്പ് വ്യക്തമാക്കി. കിറ്റിലേക്ക് വേണ്ട സാധനങ്ങള്‍ മാവേലി സ്റ്റോറുകളിലെത്തിച്ച് അവിടെ നിന്ന് പാക്ക് ചെയ്താണ് റേഷൻ കടകളിലേക്ക് എത്തിക്കുന്നത്. മാവേലി സ്റ്റോറുകളിലേക്ക് സാധനങ്ങളിറക്കാൻ പോലും ഇതുവരെ കഴിഞ്ഞില്ലെന്നിരിക്കെ നാളെയും കിറ്റ് നൽകാനാകുമോ എന്ന കാര്യത്തിൽ റേഷൻ കടക്കാര്‍ സംശയം പറയുന്നുണ്ട്.
ഞായറാഴ്ച അടക്കം ബാക്കി രണ്ട് ദിവസം കൊണ്ട് കിറ്റ് വിതരണം പൂർത്തിയാകുമോ എന്നതിലും അനിശ്ചിതത്വമാണ്. സാമ്പത്തിക പ്രതിസന്ധി കണക്കിലെടുത്താണ് മഞ്ഞ കാര്‍ഡ് ഉടമകൾക്ക് മാത്രമായി ഇത്തവണ കിറ്റ് പരിമിതപ്പെടുത്തിയത്. അതും ഓണത്തിന് മുൻപ് കൊടുത്ത് തീർക്കാൻ പറ്റുമോ എന്ന കാര്യത്തിൽ ഒരു ഉറപ്പുമില്ലതാനും.