പ്രതിഷേധ’ത്തിന്റെ പേരില്‍ ഓണസദ്യ മാലിന്യക്കുഴിയില്‍ തള്ളിയ സംഭവം;എട്ടു ശുചീകരണ തൊഴിലാളികള്‍ക്കെതിരെ നടപടിക്ക് സാധ്യത
തിരുവനന്തപുരം: ‘പ്രതിഷേധ’ത്തിന്റെ പേരില്‍ ഓണസദ്യ മാലിന്യക്കുഴിയില്‍ തള്ളിയ സംഭവത്തില്‍ തിരുവനന്തപുരം കോര്‍പ്പറേഷനിലെ ചാലാ സര്‍ക്കിളിലെ എട്ടു ശുചീകരണ തൊഴിലാളികള്‍ക്കെതിരെ നടപടിക്ക് സാധ്യത.
സംഭവത്തില്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ തിങ്കളാഴ്ച റിപ്പോര്‍ട്ട് നല്‍കും.
ജോലി ഒഴിവാക്കി ഓണം ആഘോഷിക്കാന്‍ അനുവദിക്കാത്തതില്‍ പ്രതിഷേധിച്ചാണ് ശുചീകരണ തൊഴിലാളികള്‍ ഓണസദ്യ മാലിന്യത്തിലെറിഞ്ഞത്. ഓണാഘോഷത്തിനു വേണ്ടി തയാറാക്കിയ ചോറും കറികളും മാലിന്യ കുപ്പയില്‍ കളയുന്ന ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. അച്ചടക്ക നടപടിയുടെ ഭാഗമായി ചാല ഹെല്‍ത്ത് സര്‍ക്കിളിലേക്ക് മാറിയെത്തിയയാളാണ് പ്രതിഷേധത്തിന് നേതൃത്വം നല്‍കിയത്. ഭക്ഷണം കളയുന്നതിന്റെ ദൃശ്യം പുറത്തായതോടെ ജീവനക്കാര്‍ക്കെതിരെ കടുത്ത പ്രതിഷേധമാണ് ഉയര്‍ന്നത്. ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മറ്റി അധ്യക്ഷ സംഭവത്തില്‍ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിരുന്നു.
ശനിയാഴ്ച രാവിലെ പൂക്കളമിട്ടശേഷം ജോലി ചെയ്യണമെന്നും പിന്നീട് സദ്യ വിളമ്ബണമെന്നുമായിരുന്നു ജീവനക്കാര്‍ക്കുളള സര്‍ക്കുലര്‍. അന്നേദിവസം ഓണാഘോഷത്തിന് എത്തിയപ്പോള്‍ ജോലിചെയ്യാന്‍ നിര്‍ദേശിച്ചു എന്നാരോപിച്ചാണ് ജീവനക്കാര്‍ ഓണസദ്യ മാലിന്യത്തിനൊപ്പം തള്ളിയത്. നിര്‍ദേശങ്ങള്‍ ലംഘിച്ച് ആഘോഷം നടത്താന്‍ ശ്രമിച്ചത് അംഗീകരിക്കാനാകില്ലെന്നും ആഹാരം കളഞ്ഞത് വലിയ തെറ്റാണെന്നും സെക്രട്ടറി ബിനു ഫ്രാന്‍സിസ് പറഞ്ഞു.