സംസ്ഥാനത്തെ ഓണം വാരാഘോഷം സെപ്തംബര്‍ ആറുമുതല്‍; മുഖ്യാതിഥികളായി ദുല്‍ഖര്‍ സല്‍മാനും അപര്‍ണാ ബാലമുരളിയും


കോവിഡ് വൈറസ് വ്യാപനം കാരണം രണ്ടുവർഷം മുടങ്ങിനിന്നശേഷം കേരളത്തിന് വീണ്ടും ഓണാഘോഷക്കാലം. കേരളാ സര്‍ക്കാരിന്റെ ഓണാഘോഷ പരിപാടികളുടെ ഭാഗമായി സംസ്ഥാന വിനോദസഞ്ചാര വകുപ്പ് സംഘടിപ്പിക്കുന്ന ഓണം വാരാഘോഷം സെപ്തംബര്‍ ആറുമുതല്‍ 12 വരെ നടക്കും.
ഉദ്ഘാടന ചാറ്റിങ് സെപ്തംബര്‍ ആറിന് കനകക്കുന്ന് നിശാഗന്ധിയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കുമെന്ന് വിനോദസഞ്ചാര വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്, പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി എന്നിവര്‍ അറിയിച്ചു. മികച്ച നടിക്കുള്ള ദേശീയ പുരസ്‌ക്കാരം നേടിയ അപര്‍ണ ബാലമുരളി, സിനിമാതാരം ദുല്‍ഖര്‍ സല്‍മാന്‍ എന്നിവരായിരിക്കും ചടങ്ങിലെ മുഖ്യ അതിഥികൾ.
സംസ്ഥാനത്തെ വിവിധ മന്ത്രിമാര്‍, പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍, സാംസ്‌കാരിക രാഷ്ട്രീയ രംഗത്തെ പ്രമുഖര്‍ എന്നിവരും സന്നിഹിതരാകും. ഉദ്ഘാടനത്തെ തുടര്‍ന്ന് കലാമണ്ഡലം ശിവദാസും സംഘവും അവതരിപ്പിക്കുന്ന ഇലഞ്ഞിത്തറ മേളവും കൈരളി ടിവിയുടെ നേതൃത്വത്തില്‍ പിന്നണി ഗായകരായ വിജയ് യേശുദാസ്, റിമി ടോമി എന്നിവര്‍ നയിക്കുന്ന സംഗീതസദസുമുണ്ടാകും.