ഓണച്ചന്തകൾ എല്ലാ സാധനങ്ങളും ഉൾപ്പെടുത്തി ആരംഭിക്കും; ആക്ഷേപങ്ങൾക്ക് വഴിയൊരുക്കില്ല: മന്ത്രി ജി ആർ അനിൽ
സംസ്ഥാനത്തെ കടുത്ത സാമ്പത്തിക പ്രതിസന്ധി കണക്കിലെടുത്ത് ഈ തവണയും ഓണക്കിറ്റ് എല്ലാ വിഭാഗം കാർഡ് ഉടമകൾക്കും ഉണ്ടാകില്ലെന്നു വിവരം. കഴിഞ്ഞവർഷം 5,87,691 എഎവൈ കാർഡുകാർക്കും 20,000 പേർ ഉൾപ്പെടുന്ന ക്ഷേമസ്ഥാപനങ്ങളിലെ താമസക്കാർക്കുമാണ് ഓണക്കിറ്റ് നൽകിയത്. മഞ്ഞ കാർഡിൽപ്പെട്ട ഈ വിഭാഗക്കാർക്ക് ഇത്തവണയും ഓണക്കിറ്റ് നൽകുന്ന കാര്യം പരിഗണനയിലുണ്ട്.
എന്നാൽ , വെള്ള, നീല റേഷൻ കാർഡ് ഉടമകൾക്ക് ഓണത്തിന് സ്പെഷൽ അരി വിതരണം ചെയ്യുമെന്നു മന്ത്രി ജി.ആർ. അനിൽ. നിലവിൽ വെള്ള കാർഡ് ഉടമകൾക്ക് 2 കിലോ അരിയും നീല കാർഡ് ഉള്ള കുടുംബത്തിലെ ഒരാൾക്ക് 2 കിലോ അരിയും വീതമാണു ലഭിക്കുന്നത്. ഓണത്തിന് എത്ര കിലോ അരി അധികം നൽകണമെന്ന കാര്യത്തിൽ തീരുമാനമെടുത്തിട്ടില്ല.
എല്ലാ ജില്ലാ കേന്ദ്രങ്ങളിലും ഓണച്ചന്തകൾ എല്ലാ സാധനങ്ങളും ഉൾപ്പെടുത്തി ആരംഭിക്കും. ആക്ഷേപങ്ങൾക്കു വഴിയൊരുക്കില്ല. മാർക്കറ്റ് വിലയെക്കാൾ പരമാവധി വില കുറച്ച് പൊതുജനങ്ങളെ സഹായിക്കാനാണു നോക്കുന്നത്. ഓണം ആകുന്നതോടെ ചിത്രം മാറും. സർക്കാരിൽനിന്നും പണം ലഭിക്കുമെന്ന ഉറപ്പുണ്ട്. ഓണത്തിനു സപ്ലൈക്കോയിൽ യാതൊരു ക്ഷാമവുമുണ്ടാകില്ല.
സപ്ലൈക്കോയ്ക്ക് 600 കോടിയാണ് സർക്കാരിൽ നിന്നും ലഭിക്കേണ്ടത്. മുഴുവൻ തുകയും കിട്ടിയില്ലെങ്കിലും പരമാവധി തുക വാങ്ങി ഓണക്കാലത്ത് സപ്ലൈക്കോയെ പിടിച്ചുനിർത്താൻ ശ്രമിക്കുമെന്നും ജി.ആർ. അനിൽ പറഞ്ഞു. പരമാവധി അരി കൊടുക്കാനാണു ശ്രമം. ഇതിനുവേണ്ടിയുള്ള ചർച്ചകൾക്കായാണു ഡൽഹിയിൽ പോയത്. അനുകൂല മറുപടിയാണു കേന്ദ്ര സർക്കാരിന്റെ ഭാഗത്തു നിന്നുണ്ടായതെന്നും മന്ത്രി പറഞ്ഞു. ഒരു കിലോ അരിയ്ക്ക് 12 രൂപയിൽ താഴെ വില നിശ്ചയിച്ച് 5 കിലോ അരിയെങ്കിലും പരമാവധി നൽകാനാണു നീക്കമെന്നാണു ഭക്ഷ്യവകുപ്പ് വൃത്തങ്ങൾ നൽകുന്ന സൂചന.
ലഭ്യമാകുന്ന അരിയുടെ അളവ് ഉൾപ്പെടെ നോക്കിയാകും അന്തിമ തീരുമാനം. തെക്കൻ ജില്ലയിൽ ചമ്പാവരിയും വടക്കൻ ജില്ലയിൽ ജയ അരിയുമാകും നൽകുകയെന്നു മന്ത്രി പറഞ്ഞു. ഇതുസംബന്ധിച്ച ചർച്ചകൾ ഈയാഴ്ച തന്നെ നടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു .