‘ഒരു രാജ്യം ഒറ്റ തിരഞ്ഞെടുപ്പ്’ ; ഉന്നതതല സമിതിയിലേക്കുളള ക്ഷണം നിരസിച്ച് അധീർ രഞ്ജൻ ചൗധരി
‘ഒരു രാജ്യം ഒറ്റ തിരഞ്ഞെടുപ്പ്’ എന്ന രീതി നടക്കാക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങൾ പഠിക്കാനുളള ഉന്നതതല സമിതിയിലേക്കുളള ക്ഷണം നിരസിച്ച് കോൺഗ്രസ് നേതാവ് അധീർ രഞ്ജൻ ചൗധരി. മുൻകൂട്ടി കാര്യങ്ങൾ തീരുമാനിക്കപ്പെട്ട കമ്മിറ്റിയിൽ ചേരാൻ വിസമ്മതിക്കുന്നതിൽ തനിക്ക് മടിയില്ല. ഇത് കണ്ണിൽ പൊടിയിടലാണ്. പാർലമെന്ററി ജനാധിപത്യ സംവിധാനത്തെ ബോധപൂർവം അപമാനിക്കുന്നതാണെന്നും അധീർ രഞ്ജൻ ചൗധരി പറഞ്ഞു.
തന്നെ ഈ പാനലിൽ നിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് അധീർ രഞ്ജൻ ചൗധരി കത്ത് നൽകി. കോൺഗ്രസ് ദേശീയ നേതൃത്വത്തിന്റെ നിർദേശത്തെ തുടർന്നാണ് തീരുമാനമെന്നാണ് വിവരം. രാജ്യസഭ പ്രതിപക്ഷ നേതാവ് മല്ലികാർജ്ജുൻ ഖർഗെയെ സമിതിയിൽ ഉൾപ്പെടുത്താത്തത് കോൺഗ്രസ് ചോദ്യം ചെയ്തതിന് പിന്നാലെയാണ് അധീർ രഞ്ജൻ ചൗധരിയുടെ പിന്മാറ്റം.
മുന്‍രാഷ്ട്രപ്രതിയായ രാംനാഥ് കോവിന്ദ് അദ്ധ്യക്ഷനായ സമിതിയിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ, അധിര്‍ രഞ്ജന്‍ ചൗധരി, ഗുലാംനബി ആസാദ്, എന്‍ കെ സിങ്, സുഭാഷ് സി കശ്യപ്, ഹരീഷ് സാല്‍വെ, സഞ്ജയ് കോത്താരി എന്നിവർ ഉണ്ടാകുമെന്നാണ് കേന്ദ്ര സർക്കാർ അറിയിച്ചിരുന്നത്.
കേന്ദ്ര നിയമമന്ത്രി സമിതിയില്‍ പ്രത്യേക ക്ഷണിതാവായിരിക്കും. നിയമകാര്യ സെക്രട്ടറി നിതിന്‍ ചന്ദ്രയും പങ്കെടുക്കും. ലോക്‌സഭാ, നിയമസഭ തിരഞ്ഞെടുപ്പുകള്‍ക്ക് ഒപ്പം മുന്‍സിപ്പല്‍, പഞ്ചായത്ത് തിരഞ്ഞെടുപ്പുകളും നടത്തുന്നത് സമിതി പരിശോധിക്കുമെന്നും ഇത് സംബന്ധിച്ച വിജ്ഞാപനത്തിൽ പറയുന്നു. ലോക്സഭയിലേക്കും സംസ്ഥാന നിയമസഭകളിലേക്കും ഒറ്റ തിരഞ്ഞെടുപ്പ് നടത്തുക എന്നതാണ് ആശയം. തിരഞ്ഞെടുപ്പ് ഒറ്റത്തവണയായി നടത്തുന്നതിലൂടെ പൊതുഖജനാവിന് വലിയ ലാഭമുണ്ടാകുമെന്നാണ് കേന്ദ്രസര്‍ക്കാര്‍ വാദം.