ഒരു രാജ്യം, ഒരുതെരഞ്ഞെടുപ്പ് എന്ന ആശയം ഭരണഘടനാ വിരുദ്ധമല്ല: രാംനാഥ് കോവിന്ദ്
ഒരേസമയം തെരഞ്ഞെടുപ്പുകൾ എന്ന ആശയം ഭരണഘടനാ ശിൽപികൾ മനസ്സിലാക്കിയതാണെന്നും അതിനാൽ ഇത് ഭരണഘടനാ വിരുദ്ധമാകാൻ കഴിയില്ലെന്നും ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ്’ എന്ന വിഷയത്തിൽ പാനലിന് നേതൃത്വം നൽകിയ മുൻ രാഷ്ട്രപതി രാംനാഥ് കോവിന്ദ് പറഞ്ഞു.
ഈ ആശയം നടപ്പിലാക്കുന്നതിന് ആവശ്യമായ വിവിധ ഭരണഘടനാ ഭേദഗതികൾ ഒരു നിർവ്വഹണ സമിതി പരിശോധിക്കുമെന്നും അന്തിമ തീരുമാനം എടുക്കേണ്ടത് പാർലമെന്റാണെന്നും രാം നാഥ് കോവിന്ദ് പറഞ്ഞു. 1967 വരെ ആദ്യത്തെ നാല് ലോക്‌സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകൾ ഒരുമിച്ചാണ് നടന്നതെന്നും പിന്നെ എങ്ങനെയാണ് സമന്വയിപ്പിച്ച വോട്ടെടുപ്പുകളെ ഭരണഘടനാ വിരുദ്ധമെന്ന് വിശേഷിപ്പിക്കാനാവുകയെന്നും അദ്ദേഹം ചോദിച്ചു.
ഈ ആശയം ഭരണഘടനാ വിരുദ്ധമാണെന്ന് ചില വിഭാഗങ്ങൾ പറയുന്നു, എന്നാൽ ഭരണഘടനാ നിർമ്മാതാക്കൾ ഈ ആശയം മനസ്സിലാക്കിയതിനാൽ ഇത് ശരിയല്ല, തിരഞ്ഞെടുപ്പ് കമ്മീഷൻ ഉൾപ്പെടെ നിരവധി സ്ഥാപനങ്ങൾ മുമ്പ് ഈ ആശയത്തെ പിന്തുണച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
വാസ്തവത്തിൽ, മൂന്ന് തലത്തിലുള്ള സർക്കാരുകളും അഞ്ച് വർഷത്തേക്ക് ഒരുമിച്ച് പ്രവർത്തിക്കുമെന്നതിനാൽ ഒരേസമയം വോട്ടെടുപ്പ് ഫെഡറലിസത്തെ കൂടുതൽ ശക്തിപ്പെടുത്തുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.