”ഒരു രാജ്യം,ഒരു യൂണിഫോം പോലീസിന്’; പുതിയ ആശയവുമായി പ്രധാനമന്ത്രി

single-img
28 October 2022

‘ഒരു രാജ്യം, ഒരു പോലീസ് യൂണിഫോം’ എന്ന ഒരു പുതിയ ആശയം മുന്നോട്ടുവച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. പക്ഷെ ഇപ്പോൾ ഇതൊരു നിര്‍ദ്ദേശം മാത്രമാണെന്നും ഇതിനെ സംസ്ഥാനങ്ങളില്‍ അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

ഹരിയാനയില്‍ നടക്കുന്ന വിവിധ സംസ്ഥാന ആഭ്യന്തര മന്ത്രിമാരുടെ സമ്മേളനമായ ‘ചിന്തന്‍ ശിവിര്‍’ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കുറ്റകൃത്യങ്ങളെയും കുറ്റവാളികളെയും നേരിടാന്‍ സംസ്ഥാനങ്ങള്‍ തമ്മില്‍ അടുത്ത സഹകരണം ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യയെ സംബന്ധിച്ച് സഹകരണ ഫെഡറലിസം എന്നത് ഭരണഘടനയിലുളള കാര്യം മാത്രമല്ല, അത് ഓരോ സംസ്ഥാനങ്ങളുടെയും കേന്ദ്രത്തിന്റെയും ഒരുപോലെയുള്ള ഉത്തരവാദിത്തമാണെന്നും അദ്ദേഹം പറഞ്ഞു.’ഒരു രാജ്യം,ഒരു യൂണിഫോം പോലീസിന് എന്നത് ഒരു ആശയം മാത്രമാണ്. ഞാന്‍ അത് നിങ്ങളുടെ മേല്‍ അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുന്നില്ല. 5, 50, അല്ലെങ്കില്‍ 100 വര്‍ഷത്തിനുള്ളില്‍ അത് സംഭവിക്കാം. ഇപ്പോൾ അത്തരത്തിൽ ഒരു ചിന്ത നമുക്ക് നല്‍കാം ‘ മോദി പറഞ്ഞു.

രാജ്യമാകെയുള്ള പോലീസിന്റെ ഐഡന്റിറ്റി ഒരുപോലെ ആയിരിക്കണമെന്ന് താന്‍ കരുതുന്നതായി പ്രധാനമന്ത്രി പറഞ്ഞു. ക്രമസമാധാനത്തിന്റെയും സുരക്ഷയുടെയും ഉയര്‍ന്നുവരുന്ന വെല്ലുവിളികളെ നേരിടാന്‍ എല്ലാ ഏജന്‍സിളും ഒന്നിച്ച് പ്രവര്‍ത്തിക്കുന്നതിനാല്‍ പഴയ നിയമങ്ങള്‍ അവലോകനം ചെയ്യാനും നിലവിലെ സാഹചര്യത്തിലേക്ക് അവ ഭേദഗതി ചെയ്യാനും അദ്ദേഹം സംസ്ഥാന സര്‍ക്കാരുകളോട് അഭ്യര്‍ത്ഥിച്ചു.