തക്കാളിക്ക് പിന്നാലെ രാജ്യത്ത് ഉള്ളി വിലയും കൂടുമെന്ന് റിപ്പോർട്ട്

single-img
6 August 2023

റേറ്റിംഗ് ഏജൻസിയായ ക്രിസിൽ മാർക്കറ്റ് ഇന്റലിജൻസ് ആൻഡ് അനലിറ്റിക്‌സിന്റെ റിപ്പോർട്ട് പ്രകാരം തക്കാളിക്ക് പിന്നാലെ വരും ദിവസങ്ങളിൽ രാജ്യത്ത് ഉള്ളി വിലയും കൂടുമെന്ന് വിവരം. ഒരുപക്ഷെ ഉള്ളി വില ഓഗസ്റ്റ് അവസാനത്തോടെ കിലോയ്ക്ക് 70 രൂപ വരെ ഉയരും.

വിതരണത്തിലുണ്ടാകുന്ന കുറവ് മൂലം ചില്ലറ വിപണിയിൽ കുതിച്ചുയരാൻ സാധ്യതയുണ്ടെന്നും റിപ്പോർട്ടുകൾ സൂചന നൽകുന്നുണ്ട്. ഉള്ളിയുടെ വിതരണത്തിലെയും ആവശ്യകതയിലെയും അസന്തുലിതാവസ്ഥ ഓഗസ്റ്റ് അവസാനത്തോടെ വിപണി വിലയിൽ പ്രതിഫലിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഈ സ്ഥിതി തുടരുകയാണെങ്കിൽ സെപ്റ്റംബർ ആദ്യവാരം മുതൽ ചില്ലറ വിപണിയിൽ വില ഗണ്യമായി വർധിക്കുമെന്നും കിലോയ്ക്ക് 70 രൂപ വരെ എത്തുമെന്നും വിപണി വിദഗ്ധരും ചൂണ്ടിക്കാണിക്കുന്നു.

അതേസമയം തന്നെ ഉള്ളി വില 2020 ലെ കൂടിയ നിരക്കിലെത്തില്ലെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. 2023 ഫെബ്രുവരി – മാർച്ച് മാസങ്ങളിലെ വിൽപ്പന കൂടിയ തോതിലായിരുന്നു. ഈ വർഷം ജനുവരി – മെയ് കാലയളവിൽ, ഉള്ളി വില കുത്തനെ കുറ‍ഞ്ഞതോടെ വ്യാപാരികൾ ഉള്ളി വില കുറച്ച് കൂടുതലായി വിറ്റഴിച്ചിരുന്നു. ഇതും സ്റ്റോക്ക് കുറയാൻ കാരണമായി.