ഒരിക്കലും ജയിക്കാത്ത ഒരാളെ കേന്ദ്ര മന്ത്രിയാക്കാം എന്ന് ഗ്യാരണ്ടി കൊടുക്കാൻ മോദിക്കേ കഴിയൂ: ബിനോയ് വിശ്വം


ഗാന്ധിജിയെയും നെഹ്റുവിനെയും മറക്കാത്ത കോൺഗ്രസുകാർ ഇക്കുറി ലോക്സഭാ തെരഞ്ഞെടുപ്പിൽ ഇടതുമുന്നണിക്ക് വോട്ട് ചെയ്യുമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. കോൺഗ്രസിനെയും ബിജെപിയെയും നയിക്കുന്നത് ഇടതുപക്ഷ വിരോധമാണ്. പഴയ ചാക്കിനേക്കാൾ വിലകുറഞ്ഞതായി പ്രധാനമന്ത്രിയുടെ വാക്കുകൾ മാറുന്നു. ഒരിക്കലും ജയിക്കാത്ത ഒരാളെ കേന്ദ്ര മന്ത്രിയാക്കാം എന്ന് ഗ്യാരണ്ടി കൊടുക്കാൻ മോദിക്കേ കഴിയൂവെന്നും തൃശ്ശൂരിൽ മാധ്യമങ്ങളോട് സംസാരിക്കവേ അദ്ദേഹം പറഞ്ഞു. .
പ്രധാനമന്ത്രി മോദിയുടെ നടക്കാത്ത ഗ്യാരണ്ടികൾ വഴിയിൽ ചത്തുമലച്ചു കിടക്കുകയാണ്. ബേഠി പഠാവോ ഗ്യാരണ്ടി നുണയായിരുന്നു. കർഷകരുടെ വരുമാനം ഇരട്ടിയാക്കാം എന്ന് പറഞ്ഞു. കർഷകർ ഇപ്പോഴും ഡൽഹിയിൽ സമരത്തിലാണ്. വടക്കുകിഴക്കൻ സംസ്ഥാനങ്ങൾ ഒട്ടും പുരോഗമിച്ചിട്ടില്ല, മണിപ്പൂരിൽ ആളുകൾ പരസ്പരം കൊല്ലുകയാണ്.
ജനിച്ച നാട്ടിൽ ജനങ്ങളെ അഭയാർത്ഥികളാക്കുന്ന ഭരണമാണ് മോദി ഭരണം. പത്തു വർഷത്തെ നേട്ടം ഉയർത്തിക്കാണിച്ചു കൊണ്ടുള്ള തെരഞ്ഞെടുപ്പ് ക്യാമ്പയിന് മോദി തയ്യാറുണ്ടോ എന്നും അദ്ദേഹം ചോദിച്ചു.