സൂപ്പർഹിറ്റ് ചിത്രം ‘ദിൽസേ’ യുടെ ചെറിയ ഭാഗങ്ങൾ മാത്രമേ ഇതുവരെ കണ്ടിട്ടുള്ളു; അതും ശബ്ദമില്ലാതെ: മണിരത്‌നം
സൂപ്പര്‍ഹിറ്റ് ചിത്രം ദില്‍ സേ താൻ ഇതുവരെ പൂർണ്ണമായി കണ്ടിട്ടില്ലെന്ന് ആ സിനിമയുടെ സംവിധായകന്‍ കൂടിയായ മണിരത്‌നം. ചിത്രം പുറത്തിറങ്ങി 25 വര്‍ഷം തികയുന്ന സാഹചര്യത്തിലാണ് മണിരത്‌നത്തിന്റെ പരാമര്‍ശം. താൻ ഇതുവരെ മുഴുവനും കണ്ടിട്ടില്ലെന്നും സിനിമയുടെ ചില ഭാഗങ്ങള്‍ മാത്രമേ കണ്ടിട്ടുള്ളൂവെന്നുമാണ് മണിരത്നം പറയുന്നത്.
ഷാരൂഖ് ഖാനും മനീഷാ കൊയ്‌രാളയും കേന്ദ്ര കഥാപാത്രങ്ങളായി എത്തിയ ദിൽസേ 1998 ഓഗസ്റ്റ് 21 നാണ് റിലീസ് ചെയ്തത്. ‘ ഇപ്പോൾ 25 വര്‍ഷമായി സിനിമ റിലീസ് ചെയ്തിട്ട്. ചെറിയ ഭാഗങ്ങൾ മാത്രമേ ഇതുവരെ കണ്ടിട്ടുള്ളു. അതും ശബ്ദമില്ലാതെ’. മണിരത്‌നം പറഞ്ഞു.
ഈ സിനിമയിൽ ഷാരൂഖ് ഖാന്‍ ആകാശവാണി ജീവനക്കാരനായും മനീഷാ കൊയ്‌രാളയെ വിഘടനവാദി ഗ്രൂപ്പിലെ അംഗമായും ആണ് മണിരത്‌നം അവതരിപ്പിച്ചിട്ടുള്ളത്. അസമിൽ നടന്ന കലാപത്തിന്റെ പശ്ചാത്തലത്തിലാണ് ചിത്രം ഒരുക്കിയിരിക്കുന്നതെങ്കിലും അതിലെ പ്രധാന കഥാപാത്രമായ മേഘ്‌ന വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ളയാളാണെന്ന് സംവിധായകന്‍ ഒരിക്കലും വ്യക്തമാക്കിയിട്ടില്ല. എന്തുകൊണ്ടാണ് ഈരീതിയിൽ മനീഷാ കൊയ്‌രാളയുടെ കഥാപാത്രത്തിന് വ്യക്തത നല്‍കാത്തത് എന്ന ചോദ്യത്തിന് ചിത്രം ഒരുപാട് പ്രശ്‌നങ്ങളെ പ്രതിനിധീകരിക്കുന്നുണ്ടെന്നാണ് സംവിധായകന്റെ മറുപടി.
‘ ആ സമയം പല അതിര്‍ത്തി സംസ്ഥാനങ്ങളിലും ധാരാളം പ്രശ്‌നങ്ങളുണ്ടായിരുന്നു. എല്ലാ പ്രശ്‌നങ്ങളെയും പ്രതിനീധികരിക്കുന്ന ഒരു കഥയൊരുക്കുന്നതിനാണ് അന്ന് ശ്രമിച്ചത്. പ്രക്ഷുബ്ധമായ പല പ്രദേശങ്ങളെയും ഞങ്ങള്‍ക്ക് പ്രതിനിധീകരിക്കണമായിരുന്നു. അതുകൊണ്ടുതന്നെ ആ വ്യക്തത കുറവിനെതിരെ ഉയര്‍ന്ന വിമര്‍ശനങ്ങളില്‍ വിഷമം ഇല്ല’. മണിരത്‌നം പറഞ്ഞു.